സ്വര്‍ണ്ണക്കടത്ത് : യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയില്‍
ദുബയില്‍ നിന്നും നാട്ടിലെത്തിക്കാന്‍ ഏല്‍പ്പിച്ച ഒന്നര കിലോ സ്വര്‍ണം കേരളത്തിലെ സംഘത്തിന് കൈമാറാത്തതാണ് യുവതിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തല്‍.
കൊടുങ്ങല്ലൂര്‍: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മാന്നാറില്‍ നിന്നും യുവതിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്ന് പ്രതികള്‍ കൂടി പിടിയിലായി. കേസിലെ രണ്ടാംപ്രതി ശിഹാബ്, ഫൈസല്‍,സജാദ് എന്നിവരാണ് പിടിയിലായത്. ഇവര്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളാണ്. ഫെബ്രുവരി 22ന് പുലര്‍ച്ചെ രണ്ടോടെയാണ് സ്വര്‍ണക്കടത്ത് സംഘം വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയത്. യുവതിയെ പിന്നീട് പാലക്കാട് വടക്കാഞ്ചേരി റോഡില്‍ ഇറക്കിവിട്ടു.
കേസില്‍ ഇതുവരെ 11 പേരാണ് അറസ്റ്റിലായത്. ദുബയില്‍ നിന്നും നാട്ടിലെത്തിക്കാന്‍ ഏല്‍പ്പിച്ച ഒന്നര കിലോ സ്വര്‍ണം കേരളത്തിലെ സംഘത്തിന് കൈമാറാത്തതാണ് യുവതിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തല്‍. യുവതിക്ക് സ്വര്‍ണ്ണക്കടത്തുമായി ഉള്ള ബന്ധം കസ്റ്റംസ് അന്വേഷിക്കുകയാണ്.