ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ കന്നഡയെന്ന് ഗൂഗ്ള്‍
സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഗൂഗിള്‍ അധികൃതര്‍ക്ക് നോട്ടീസ് അയക്കുമെന്ന് കന്നട സാംസ്‌കാരിക മന്ത്രി അരവിന്ദ് ലിംബാവലി പറഞ്ഞു
മൈസുരു: ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ കന്നഡയാണെന്ന് ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്റെ മറുപടി. ഒരു വെബ്‌സൈറ്റ് രേഖപ്പെടുത്തിയ വിവരമാണ് ഗൂഗിള്‍ മറുപടിയായി നല്‍കിയത്. ഗൂഗിളിന്റെ ഉത്തരത്തെ നിയമപരമായി നേരിടാനൊരുങ്ങുകയാണ് കര്‍ണാടക സര്‍ക്കാര്‍.
കന്നഡയാണ് ഇന്ത്യയിലെ ഏറ്റവും മോശം ഭാഷയെന്ന ഗൂഗ്‌ളിന്റെ മറുപടിക്കെതിരേ ട്വിറ്ററില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതോടെ ഗൂഗിള്‍ വെബ്‌സൈറ്റ് വിവാദപരമായ വിവരം നീക്കം ചെയ്തു.
എങ്കിലും സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഗൂഗിള്‍ അധികൃതര്‍ക്ക് നോട്ടീസ് അയക്കുമെന്ന് കന്നട സാംസ്‌കാരിക മന്ത്രി അരവിന്ദ് ലിംബാവലി പറഞ്ഞു. കന്നട ഭാഷയ്ക്ക് 2,500ലധികം വര്‍ഷത്തിന്റെ പഴക്കമുണ്ടെന്നും കന്നടിഗരുടെ അഭിമാനമാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ ഏറ്റവും മോശമായ ഭാഷയായി കന്നടയെ ചിത്രീകരിക്കുന്നതിലൂടെ കന്നടിഗരുടെ അഭിമാനത്തെ അവഹേളിക്കുകയാണ് ഗൂഗിള്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയിലെ നിരവധി പ്രമുഖരും ഗൂഗിളിനെതിരേ രംഗത്തുവന്നിട്ടുണ്ട്.