സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം; ഇന്നുച്ചയ്ക്ക് റേഷന്‍ വ്യാപാരികളുമായി ചര്‍ച്ച
തിരുവനന്തപുരം: റേഷന്‍ വ്യാപാരികളുമായി ഭക്ഷ്യമന്ത്രി അനില്‍കുമാര്‍ ചര്‍ച്ച നടത്തും. ഇന്നുച്ചയ്ക്കാണ് ചര്‍ച്ച. റേഷന്‍ വ്യാപാരികള്‍ നടത്തുന്ന അനിശ്ചിതകാല സമരം ഇന്ന് തുടങ്ങിരുന്നു. സമരം അവസാനിപ്പിച്ചില്ലെങ്കില്‍ റേഷന്‍ കടകള്‍ പിടിച്ചെടുക്കും എന്നാണ് മന്ത്രിയുടെ നിലപാട്. ഓണ്‍ലൈനായാണ് ചര്‍ച്ച. സമരം ഇന്നുകൊണ്ട് അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.
വേതന പരിഷ്‌കരണം ആവശ്യപ്പെട്ടുകൊണ്ടാണ് റേഷന്‍ വ്യാപാരികള്‍ സമരം നടത്തുന്നത്. സംസ്ഥാനത്തെ 3,000 വ്യാപാരികള്‍ക്കു പതിനായിരം രൂപയില്‍ താഴെയാണു കമ്മിഷന്‍ എന്നും 30 ക്വിന്റല്‍ വിതരണം ചെയ്യുന്നവര്‍ക്ക് 30,000 രൂപയെങ്കിലും ലഭിക്കുന്ന തരത്തില്‍ വേതനം പരിഷ്‌കരിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു. കമ്മിഷന്‍ അതതു മാസം നല്‍കുക, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തുക, വ്യാപാരി ക്ഷേമനിധി ശക്തിപ്പെടുത്തുക, ഭക്ഷ്യധാന്യങ്ങള്‍ക്കു പകരം പണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണു സമരം.
ആള്‍ കേരള റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍(എകെആര്‍ആര്‍ഡിഎ), കേരള സ്റ്റേറ്റ് റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെ അടൂര്‍ പ്രകാശും ജി കൃഷ്ണപ്രസാദും നയിക്കുന്ന വിഭാഗങ്ങള്‍, കേരള റേഷനിങ് എംപ്ലോയീസ് യൂണിയന്‍ (കെആര്‍ഇയു-സിഐടിയു) എന്നിവ ഉള്‍പ്പെട്ട റേഷന്‍ വ്യാപാരി കോഓര്‍ഡിനേഷന്‍ സമിതിയും കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷനും (എഐടിയുസി) വെവ്വേറെയാണു പണിമുടക്ക് നോട്ടിസ് നല്‍കിയിട്ടുള്ളത്.