സംസ്ഥാനത്തിന്റെ റോഡ് വികസനത്തില്‍ സര്‍ക്കാര്‍ ബദലുകള്‍ ആലോചിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

Update: 2022-05-06 17:51 GMT

തൃശൂര്‍: സംസ്ഥാനത്തിന്റെ റോഡ് വികസനത്തില്‍ സര്‍ക്കാര്‍ ബദലുകള്‍ ആലോചിക്കുകയാണെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കൊവിഡ് മഹാമാരി പോലുള്ള ദുരന്തങ്ങള്‍ ഇനിയും സംസ്ഥാനത്തെ ബാധിക്കാതിരുന്നാല്‍ ദേശീയപാത വികസനം 2025 ഓടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. നാട്ടിക നിയോജക മണ്ഡലത്തിലെ നിര്‍മ്മാണ പ്രവ്യത്തികള്‍ പൂര്‍ത്തീകരിച്ച കരുവന്നൂര്‍ ചെറിയ പാലം, കിഴുപ്പിളിക്കര അഴിമാവ് കടവ് റോഡ്, കോടന്നൂര്‍ പുത്തന്‍ വെട്ടുവഴി കുണ്ടോളിക്കടവ് റോഡ്, പെരുമ്പിളിശേരി മുതല്‍ കനാല്‍ വരെയുള്ള റോഡ് എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

റോഡ് വികസനത്തില്‍ ജനങ്ങള്‍ കാഴ്ചക്കാരല്ല മറിച്ച് കാവല്‍ക്കാരാണെന്ന നയം പിന്തുടരുന്ന സര്‍ക്കാരാണിത്. ഉദ്ഘാടനം ചെയ്ത കരുവന്നൂര്‍ പാലത്തിനരികില്‍ പച്ച നിറത്തില്‍ പരിപാലന കാലാവധി സൂചിപ്പിക്കുന്ന ഡിഎല്‍പി എഴുതിയിട്ടുണ്ട്.

5 വര്‍ഷത്തിന് ഇടയില്‍ പാലത്തിന് തകരാറുണ്ടായാല്‍ ഉത്തരവാദിത്വം കരാറുകാര്‍ക്കാണ്. ഇങ്ങനെ ഒരു പരിപാലന കാലാവധി ഉണ്ടെന്ന ബോധ്യം വന്നത് ഇപ്പോഴാണെന്നും മന്ത്രി പറഞ്ഞു. ജനങ്ങളില്‍ നിന്ന് ഒന്നും മറച്ചുവെയ്ക്കാതെ എല്ലാ സുതാര്യമാക്കുകയാണ് സര്‍ക്കാര്‍.

റോഡിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് പരാതി അറിയിക്കാന്‍ വിളിക്കേണ്ടവരുടെ നമ്പറും ടോള്‍ ഫ്രീ നമ്പറും ബോര്‍ഡില്‍ എഴുതി വെച്ചിട്ടുണ്ട്. സമയ ബന്ധിതമായി പണി പൂര്‍ത്തിയാക്കുന്ന കരാറുകാര്‍ക്ക് ഇന്‍സെന്റീവ് ഉള്‍പ്പെടെ പ്രഖ്യാപിച്ച സര്‍ക്കാരാണിതെന്നും മന്ത്രി പറഞ്ഞു . റസ്റ്റ് ഹൗസുകള്‍ നന്നാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ഓണ്‍ലൈന്‍ ബുക്കിംഗ് സാധ്യമാക്കുകയും ആറ് മാസത്തിനിടയില്‍ രണ്ടരക്കോടി വരുമാനമാണ് ഇതിലൂടെ ലഭിച്ചതെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2 കോടി ചെലവില്‍ നിര്‍മ്മിച്ച കരുവന്നൂര്‍ ചെറിയ പാലം, 3 കോടി ചെലവില്‍ പുനരുദ്ധാരണ പ്രവ്യത്തി പൂര്‍ത്തിയാക്കിയ പെരുമ്പിള്ളിശേരി മുതല്‍ ഹേര്‍ബട്ട് കനാല്‍ വരെയുള്ള ഭാഗം, ഒന്നരക്കോടി ചെലവില്‍ പൂര്‍ത്തിയായ കോടന്നുര്‍ കുണ്ടോളിക്കടവ് റോഡ്, ഒരു കോടി ചെലവില്‍ പൂര്‍ത്തിയാക്കിയ കിഴുപ്പിള്ളിക്കര അഴിമാവ് റോഡുമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടവ.

സി സി മുകുന്ദന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ എം എല്‍ എ ഗീതാ ഗോപി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍, സി കെ കൃഷ്ണകുമാര്‍ , പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി വിനയന്‍, സുജീഷ കള്ളിയത്ത്, രതി അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം വി ജി വനജ കുമാരി, പി ഡബ്യു ഡി എന്‍ജിനീയര്‍ ഹരീഷ് എസ്, ചേര്‍പ്പ് ,പാറളം, താന്ന്യം പഞ്ചായത്തിലെ അംഗങ്ങളും പങ്കെടുത്തു.

Tags:    

Similar News