വയനാടിന്റെ ചരിത്ര പൈതൃകം തൊട്ടറിഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍

ആയിരത്താണ്ടുകളായി ആള്‍പെരുമാറ്റങ്ങളുള്ള വയനാടന്‍ പ്രദേശങ്ങളിലെ സംഭവബഹുലമായ ഭൂതകാലത്തെയാണ് മ്യൂസിയം പ്രതിനിധാനം ചെയ്യുന്നത്

Update: 2021-10-06 12:33 GMT

കല്‍പ്പറ്റ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ അമ്പലവയല്‍ വയനാട് ഹെറിറ്റേജ് മ്യൂസിയം സന്ദര്‍ശിച്ചു. ജില്ലയില്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ഗവര്‍ണര്‍ ബുധനാഴ്ച രാവിലെ പതിനൊന്നരയോടയാണ് അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയത്തിലെത്തിയത്. മ്യൂസിയത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അധികൃതര്‍ ഗവര്‍ണറെ വരവേറ്റു. ജില്ലയുടെ സമഗ്രവും പൂര്‍ണ്ണവുമായ ചരിത്രത്തെ ഉള്‍ക്കൊള്ളുന്ന മ്യൂസിയത്തില്‍ എല്ലാം കണ്ടും കേട്ടുമറിഞ്ഞായിരുന്നു ഗവര്‍ണറുടെ സന്ദര്‍ശനം.


മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള പഴശ്ശി പോരാട്ടങ്ങളുടെ കഥ പറയുന്ന വീരക്കല്ല്, ഗോത്ര ജനതയുടെ പരമ്പരാഗത ആയുധങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങി ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഓരോന്നിനെക്കുറിച്ചും ഗവര്‍ണര്‍ ചോദിച്ചറിഞ്ഞു. അമ്പലവയല്‍ പൈതൃക മ്യൂസിയത്തില്‍ ഇതാദ്യമായാണ് ഒരു ഗവര്‍ണര്‍ സന്ദര്‍ശനം നടത്തിയത്. ജില്ലയുടെ നാനാഭാഗങ്ങളില്‍ നിന്നായി കാലങ്ങളെടുത്ത് ശേഖരിച്ച അമൂല്യ വസ്തുക്കളാണ് വയനാട് പൈതൃക മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 1986 ല്‍ രവീന്ദ്രന്‍ തമ്പി വയനാട് ജില്ലാ കലക്ടറായിരുന്ന വേളയിലാണ് ജില്ലയുടെ പൈതൃക സംരക്ഷണത്തിനായി വ്യാപക പഠനം നടന്നത്. ഇതിന് ശേഷം വിശ്വാസ് മേത്ത കലക്ടറായിരുന്ന സമയത്തും പഠനങ്ങള്‍ ഊര്‍ജ്ജിതമായി. ഒരു വ്യാഴവട്ടക്കാലത്തെ പരിശ്രമത്തിനൊടുവില്‍ അമ്പലവയലില്‍ ഹെറിറ്റേജ് മ്യൂസിയം യാഥാര്‍ത്ഥ്യമാവുകയായിരുന്നു.

സംസ്‌കാരികമായി ഏറ്റവും പ്രാധാനമ്യമുള്ള വസ്തുക്കളാണ് ഇവിടെ പ്രദര്‍ശനത്തിനുള്ളത്. ആയിരത്താണ്ടുകളായി ആള്‍പെരുമാറ്റങ്ങളുള്ള വയനാടന്‍ പ്രദേശങ്ങളിലെ സംഭവബഹുലമായ ഭൂതകാലത്തെയാണ് മ്യൂസിയം പ്രതിനിധാനം ചെയ്യുന്നത്. ഗോത്രസ്മൃതി, ജീവനസ്മൃതി, വീരസ്മൃതി, ദേവസ്മൃതി എന്നിങ്ങനെ നാല് ഗാലറിയായാണ് പൈതൃക മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. ഗോത്ര ജീവനത്തിന്റെ ഉപജീവനവൃത്തികളുമായി ബന്ധപ്പെട്ട വസ്തുക്കളും വീട്ടുപകരണങ്ങളുമാണ് ഗോത്രസ്മൃതിയില്‍ ഒരുക്കിയിട്ടുള്ളത്. വീരസ്മൃതി പഴശ്ശി കാലഘട്ടത്തിലെ ബ്രിട്ടീഷ് പോരാട്ടങ്ങളുടെ സ്മരണയാണ്. ഗ്രാമീണതയുടെയും കാര്‍ഷിക പൈതൃകങ്ങളുടെയും അടയാളങ്ങളാണ് ജീവന സ്മൃതിയിലുള്ളത്. ആരാധനയും ദേവപ്രതിഷ്ഠകളുടെയും കഥയും ചരിത്രവുമാണ് ദേവ സ്മൃതിയിലുള്ളത്. ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും ചരിത്ര പഠിതാക്കള്‍ക്കും ചരുങ്ങിയ കാലം കൊണ്ടാണ് പൈതൃക മ്യൂസിയം പാഠപുസ്തകമായി മാറിയത്.

Tags:    

Similar News