മുണ്ടക്കൈ ദുരന്ത സഹായം; കൃത്യമായ വിവരം നാളെത്തന്നെ കിട്ടണം: ഹൈക്കോടതി
മുണ്ടക്കൈ ദുരന്ത സഹായവുമായി ബന്ധപ്പെട്ട് സാങ്കേതികത്വം പറഞ്ഞിരിക്കാതെ കൃത്യമായ വിവരം നാളെത്തന്നെ കിട്ടണമെന്ന് കോടതി നിര്‍ദേശം
എറണാകുളം: മുണ്ടക്കൈ ദുരന്ത സഹായവുമായി ബന്ധപ്പെട്ട് സാങ്കേതികത്വം പറഞ്ഞിരിക്കാതെ കൃത്യമായ വിവരം നാളെത്തന്നെ കിട്ടണമെന്ന് കോടതി നിര്‍ദേശം. ഇതിനായി എസ്ഡിആര്‍എഫ് അക്കൗണ്ട് ഓഫീസര്‍ നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി പറഞ്ഞു. ഇടക്കാല ഫണ്ട് ആയി കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കിയിട്ടുണ്ടോ എന്നതില്‍ ഉള്‍പ്പെടെ വിശദമായ കാര്യങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വയനാടിന് സഹായം അഭ്യര്‍ഥിച്ചുകൊണ്ട് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തില്‍നിന്നുള്ള സംഘം കഴിഞ്ഞദിവസം അമിത് ഷായെ കണ്ടിരുന്നു. വിഷയം വിശദമായി പരിശോധിച്ചശേഷം മറുപടി നല്‍കാമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സമിതി പരിശോധിച്ചുവരികയാണെന്നും സമിതിയുടെ തീരുമാനം വൈകാതെയുണ്ടാകുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.