വയനാട് പുനരധിവാസം: കൃത്യമായ കണക്ക് നല്‍കാത്തതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം
കൊച്ചി: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് എസ്ഡിആര്‍എഫില്‍നിന്ന് എത്ര രൂപ ചെലവഴിക്കാനാകുമെന്നതിനേ കുറിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള വാദ പ്രതിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു. കണക്കുകള്‍ കൃത്യമായി നല്‍കിയില്ലെങ്കില്‍ കേന്ദ്രം എങ്ങനെ സംസ്ഥാനത്തിന് പണം നല്‍കുമെന്നും കോടതി ചോദിച്ചു. കണക്കുകള്‍ വ്യാഴാഴ്ച സമര്‍പ്പിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതോടെ വാദം പന്ത്രണ്ടാം തീയതിയിലേക്ക് മാറ്റി.
വയനാട് പുനഃരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ എസ്ഡിആര്‍ ഫണ്ടിലെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നേരിട്ട് ഹാജരായിരുന്നു. കോടതിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നാണ് വിവരം.
എസ്ഡിആര്‍എഫില്‍ എത്ര പണമുണ്ടെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് 677 കോടി എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മറുപടി. ഇതില്‍ എത്ര പണം വയനാടിന്റെ പുനഃരധിവാസത്തിനായി ചെലവഴിക്കുമെന്ന ചോദ്യത്തിന് സര്‍ക്കാരിന് വ്യക്തമായ മറുപടി നല്‍കാന്‍ സാധിച്ചില്ല.