ഗവര്‍ണര്‍ മദയാനയെപ്പോലെ ഓടിനടന്ന് അക്രമം നടത്തുന്നു; സ്വപ്നം കാണുന്നത് വെങ്കയ്യ നായിഡുവിന്റെ കസേരയെന്നും സലിം മടവൂര്‍
ആടിന്റെ പൂടയുടെ സ്ഥാനമേ ഗവര്‍ണര്‍ സ്ഥാനത്തിനുള്ളൂ. ഖജനാവില്‍ നിന്നും കോടികള്‍ ചെലവഴിച്ച് ഇത്തരത്തിലുള്ള ദുര്‍വ്യയ തസ്തികകള്‍ നിലനിര്‍ത്തുന്നത് ജനാധിപത്യ ഭരണഘടനക്ക് കളങ്കമാണ്
തിരുവനന്തപുരം: ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനം സ്വപ്നം കണ്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിരന്തരം അനാവശ്യ വിവാദങ്ങളുണ്ടാക്കി സംസ്ഥാന സര്‍ക്കാരുമായി കൊമ്പുകോര്‍ക്കുന്നതെന്ന് എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍. പേഴ്‌സണല്‍ സ്റ്റാഫില്‍ പെട്ട രാഷ്ട്രീയക്കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നതിനെ എതിര്‍ക്കുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ എന്ന നിലക്കുള്ള തന്റെ പെന്‍ഷനും ആനുകൂല്യങ്ങളും സ്വയം വേണ്ടെന്നു വെക്കണം.
സംസ്ഥാനത്ത് ഭരണ പ്രതിസന്ധി ഒഴിവാക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനു മാത്രതല്ല. അത് ഗവര്‍ണ്ണര്‍ക്ക് കൂടെയുള്ള ഉത്തരവാദിത്തമാണ്. ആടിന്റെ പൂടയുടെ സ്ഥാനമേ ഗവര്‍ണര്‍ സ്ഥാനത്തിനുള്ളൂ. ഖജനാവില്‍ നിന്നും കോടികള്‍ ചെലവഴിച്ച് ഇത്തരത്തിലുള്ള ദുര്‍വ്യയ തസ്തികകള്‍ നിലനിര്‍ത്തുന്നത് ജനാധിപത്യ ഭരണ ഘടനക്ക് കളങ്കമാണ്. ആരിഫ് മുഹമ്മദ് ഖാനെ പോലെയുള്ള ഗവര്‍ണര്‍മാര്‍ തല്‍സ്ഥാനത്ത് വരുമെന്ന് ദീര്‍ഘദര്‍ശനമുണ്ടായിരുന്നെങ്കില്‍ ഭരണഘടനാ ശില്‍പികള്‍ ഗവര്‍ണര്‍ തസ്തിക തന്നെ വേണ്ടെന്ന് വെക്കുമായിരുന്നു. മദയാനയെപ്പോലെ തലങ്ങും വിലങ്ങും ഓടിനടന്ന് അക്രമം നടത്തുന്ന ഗവര്‍ണറുടെ കുറുമ്പിന് മുമ്പില്‍ സംസ്ഥാന സര്‍ക്കാര്‍ മുട്ടുമടക്കരുത്. ഇദ്ദേഹത്തിന്റെ ഭ്രാന്തന്‍ ആവശ്യങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളണം. ഗവര്‍ണര്‍ക്ക് പ്രായത്തിന്റെ പിടിവാശി ബാധിച്ചിട്ടുണ്ടോയെന്ന് രാഷ്ട്രപതി പരിശോധിപ്പിക്കണമെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.