കറുത്ത വസ്ത്രത്തിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ല;വ്യാജപ്രചരണം നടത്തുന്നവരെ നേരിടും:മുഖ്യമന്ത്രി

ആരെയും വഴി തടയുന്നില്ലെന്നും,കറുത്ത വസ്ത്രത്തിനോ മാസ്‌കിനോ സംസ്ഥാനത്ത് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Update: 2022-06-13 08:41 GMT

കണ്ണൂര്‍: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തി എന്ന ആരോപണം വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ആരെയും വഴി തടയുന്നില്ലെന്നും,കറുത്ത വസ്ത്രത്തിനോ മാസ്‌കിനോ സംസ്ഥാനത്ത് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കണ്ണൂരില്‍ നടക്കുന്ന ഗ്രന്ഥശാലാ പ്രവര്‍ത്തക സംസ്ഥാന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഈ നാട്ടില്‍ വഴി നടക്കാനുള്ള സ്വാതന്ത്ര്യം ഒരു കൂട്ടര്‍ക്കും നിഷേധിക്കുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാവില്ല. പഴയ ചിന്താഗതിയോടെ സമൂഹത്തില്‍ ഇടപെടുന്ന ശക്തികള്‍ ഇതൊക്കെ ആലോചിക്കുന്നുണ്ടാകാം. പക്ഷെ പ്രബുദ്ധ കേരളം അതൊന്നും സമ്മതിക്കില്ല. ഈ പരിപാടിയില്‍ പങ്കെടുത്തവര്‍ വ്യത്യസ്തമായ രീതിയിലാണ് വസ്ത്രം ധരിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കൊടുമ്പിരിക്കൊണ്ട മറ്റൊരുപ്രചാരണം നമ്മുടെ സമൂഹത്തെ വലിയരീതിയില്‍ തെറ്റിദ്ധരിപ്പിക്കുന്നത് പ്രത്യേകതരത്തിലുള്ള വസ്ത്രം ധരിക്കാന്‍ പാടില്ലെന്നാണ്. എല്ലാവരും മാസ്‌ക് ധരിക്കുന്ന കാലമാണ്. കറുത്ത മാസ്‌ക് പറ്റില്ല. കറുത്ത വസ്ത്രം പറ്റില്ല എന്നാണ് ചിലര്‍ പറയുന്നത്. കേരളത്തില്‍ ഏതൊരാള്‍ക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അവകാശമുണ്ട്' പിണറായി പറഞ്ഞു

ചില ശക്തികള്‍ നിക്ഷിപ്ത താല്‍പര്യത്തോടെ വ്യാജപ്രചാരണം നടത്തുകയാണ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ മറ്റൊന്നും കിട്ടാതെവരുമ്പോഴാണ് ഇത്തരത്തിലുള്ള കള്ളത്തരങ്ങളും പ്രചരിപ്പിക്കുന്നത്. സര്‍ക്കാര്‍ എപ്പോഴും ജനങ്ങള്‍ക്കൊപ്പമുണ്ടാകും.തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നേരിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Tags:    

Similar News