സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ശരാശരിയ്ക്കും താഴെ; മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് സിപിഎം നേതൃയോഗം

ഇന്ന് ഉച്ചയ്ക്ക് 1.30ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ കാണും

Update: 2022-08-12 07:13 GMT

തിരുവനന്തപുരം: അഞ്ച് ദിവസം നീണ്ട നിര്‍ണായക നേതൃയോഗങ്ങള്‍ക്കിടെ മന്ത്രിസഭയുടേയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തി സിപിഎം. ജനങ്ങളോട് നേരിട്ടിടപെടുന്ന പ്രധാന വകുപ്പുകളുടെ പ്രവര്‍ത്തനം ശരാശരിക്ക് ഒപ്പം പോലും എത്തുന്നില്ലെന്നുള്ളതാണ് പ്രധാനമായും ഉയര്‍ന്ന പരാതി. അതില്‍ തന്നെ മുഖ്യന്ത്രി നേരിട്ട് ഭരിക്കുന്ന പോലിസില്‍ തുടങ്ങി ആരോഗ്യ, തദ്ദേശ, പൊതുമരാമത്ത് വകുപ്പുകളും ഘടകക്ഷികകള്‍ കൈകാര്യം ചെയ്യുന്ന കെഎസ്ആര്‍ടിസി, കെഎസ്ഇബി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുമെല്ലാം പ്രതിനിധികളുടെ ഇഴകീറി പരിശോധനക്ക് വിധേയമായി.

അഞ്ചുദിവസം നീണ്ടുന്ന നിന്ന നേതൃയോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിന് ഇന്ന് ഉച്ചയ്ക്ക് 1.30ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ കാണും. അതിനിടെ, സിപിഎം നേതൃയോഗങ്ങളില്‍ വകുപ്പുകള്‍ക്കെതിരേ വിമര്‍ശനമുണ്ടായെന്ന മാധ്യമ വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തി. 

സീനിയര്‍ നേതാവ് മന്ത്രിയായിട്ടും തദ്ദേശ വകുപ്പ് പ്രവര്‍ത്തനത്തിന് ഉദ്ദേശിച്ച വേഗമില്ല. അതി ദാരിദ്ര്യ ലഘൂകരണ പദ്ധതി പോലും അനിശ്ചിതമായി വൈകുന്ന സ്ഥിതിയുണ്ടായി. ആരോഗ്യ വകുപ്പിലെ പ്രവര്‍ത്തനങ്ങളിലും വ്യാപക അതൃപ്തിയാണ് പാര്‍ട്ടിക്കുള്ളിലുള്ളത്. ജനക്ഷേമത്തിനുള്ള ഇടപെടലുകളിലെ വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ശമ്പളം കൊടുക്കില്ലെന്ന് പറയാന്‍ വേണ്ടി ഒരു മന്ത്രിയുടെ ആവശ്യമെന്തിനെന്ന ചോദ്യമാണ് കെഎസ്ആര്‍ടിസിക്കെതിരെ ഉയര്‍ന്നത്. കെഎസ്ആര്‍ടിസിയിലും കെഎസ്ഇബിയിലും യൂണിയനുകളെ അനാവശ്യമായി പിണക്കുന്ന പ്രവണതയുണ്ടായി. ഇത് അംഗീകരിച്ച് മുന്നോട്ട് പോകാനാകില്ല. മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും നേതൃയോഗം മുന്നോട്ട് വച്ചു. 

ബഫര്‍സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് വന്‍ തോതില്‍ ആശങ്ക ജനങ്ങള്‍ക്കുണ്ടായിട്ടും അത് പരിഹരിക്കാന്‍ പ്രായോഗിക ഇടപെടല്‍ ഉണ്ടായില്ലെന്ന വിമര്‍ശനമാണ് വനം വകുപ്പിനെതിരെ ഉയര്‍ന്നത്. മന്ത്രിമാരുടെ പ്രവര്‍ത്തനം പ്രതീക്ഷിച്ച പോലെ മെച്ചപ്പെടാത്തത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന വിമര്‍ശനം ചര്‍ച്ചയുടെ ഉള്ളടക്കത്തിലുണ്ട്. സര്‍ക്കാര്‍ ജനക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴും ജനകീയ ഇടപെടലുകള്‍ നടത്തുമ്പോഴും ഉദ്യോഗസ്ഥ വൃന്ദത്തിന്റെ പിന്തുണ ഉറപ്പാക്കി മുന്നോട്ട് പോകണം. വേണ്ടത്ര ഏകോപനം ഉദ്യോഗസ്ഥ ഇടപെടലില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. പോലിസ് വീഴ്ച ആവര്‍ത്തിക്കുകയാണ്. തന്നിഷ്ടപ്രകാരമുള്ള സേനയുടെ പ്രവര്‍ത്തനം അനാവശ്യ വിവാദങ്ങളിലേക്ക് എത്തിക്കുന്നതായും നിയന്ത്രണം വേണമെന്നും സംസ്ഥാന സമിതിയോഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനകീയ മുഖം മിനുക്കി മുന്നോട്ട് പോകാനുള്ള ക്രിയാത്മക നിര്‍ദ്ദേശങ്ങളും ചര്‍ച്ചകളുമാണ് നടന്നതെന്നാണ് നേതാക്കളുടെ പ്രതികരണം. ക്ഷേമ പദ്ധതികള്‍ക്കും ജനകീയ ഇടപെടലുകള്‍ക്കും രൂപം നല്‍കും. അതിനിടെ മന്ത്രിസഭാ പുനസംഘടന അടക്കമുള്ള നടപടികളുണ്ടാകുമെന്ന സൂചനയും ചില കേന്ദ്രങ്ങള്‍ നല്‍കുന്നുണ്ട്. വ്യാപകമായ ഒരു അഴിച്ച് പണി സിപിഎം ശീലമല്ലെങ്കിലും ചില വകുപ്പുകളിലെങ്കിലും മാറ്റം ഉണ്ടാകാനിടയുണ്ടെന്നാണ് ഇത്തരക്കാര്‍ നല്‍കുന്ന സൂചന. 

സജി ചെറിയാന്‍ രാജിവച്ചതോടെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മറ്റ് അംഗങ്ങള്‍ക്ക് വീതിച്ച് നല്‍കുകയും സ്റ്റാഫ് അംഗങ്ങളെ പുനര്‍വിന്യസിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്തത്. നിയമസഭാ കയ്യാങ്കളി കേസ് കോടതി പരിഗണിക്കുന്നതോടെ വി ശിവന്‍കുട്ടി മന്ത്രിസ്ഥാനത്ത് നിന്ന് മാറേണ്ടി വരുമെന്നും അങ്ങനെ എങ്കില്‍ പുതുമുഖം പകരമെത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. തിരുവനന്തപുരം ജില്ലയിലെ സംഘടനാ സംവിധാനത്തിലും മാറ്റമുണ്ടാകും. എന്നാല്‍, ക്ഷേമപദ്ധതികള്‍ക്ക് രൂപം നല്‍കി മുന്നോട്ട് പോകാന്‍ മാത്രമാണ് തീരുമാനമെന്നും മന്ത്രിസഭാ അഴിച്ച് പണിയൊന്നും ഇപ്പോള്‍ പരിഗണനയില്ലെന്നുമാണ് സിപിഎം ഔദ്യോഗികമായി വിശദീകരിക്കുന്നത്. 

Tags:    

Similar News