നേരിട്ടുള്ള വിദേശ നിക്ഷേപം രാജ്യത്തെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്രമെന്ന് നിധിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: പശ്ചാത്തല വികസന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം രാജ്യത്തെത്തിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാരെന്ന് കേന്ദ്ര റോഡ്, ഹൈവേ, ഷിപ്പിങ്, ചെറുകിട, ഇടത്തരം വ്യവസായ വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി പറഞ്ഞു.
'ഇന്ത്യയുടെ വികസനം' എന്ന വിഷയത്തില്‍ നടന്ന വെബിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്ന പശ്ചാത്തല വികസന രംഗത്തേക്ക് കൂടുതല്‍ കമ്പനികളെ ആകര്‍ഷിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വിവിധ പെന്‍ഷന്‍ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് ഫണ്ടുകള്‍, ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയുമായ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ലോക ബാങ്ക്, ബ്രിക്്‌സ് ബാങ്ക് തുടങ്ങിയവയുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്- മന്ത്രി പറഞ്ഞു.
പശ്ചാത്തല വികസന രംഗത്ത് കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കുന്ന തരത്തില്‍ ഇന്ത്യ രാജ്യത്തെ എഫ്ഡിഐ നയത്തില്‍ ചില തിരുത്തലുകള്‍ വരുത്തിയിരുന്നു. പക്ഷേ, കൊവിഡ് വ്യാപനം ആ ശ്രമങ്ങള്‍ക്ക് തടസ്സമായെന്നും മന്ത്രി സൂചിപ്പിച്ചു.