കൂടുതല്‍ കാറുകള്‍ വാങ്ങുന്നതില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കണം: കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: പൊതുഗതാഗതത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. കൂടുതല്‍ കാറുകള്‍ വാങ്ങുന്നതില്‍ നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന മൈന്‍ഡ്‌മൈന്‍ ഉച്ചകോടി 2022 ല്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'ഇതൊരു വലിയ പ്രശ്‌നമാണ്, അവര്‍ ബസുകള്‍ പോലെയുള്ള അതിവേഗ ഗതാഗതം ഉപയോഗിക്കണം. റോഡില്‍ ഒരാള്‍ മാത്രമായി ഒരു കാര്‍ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്..പലയിടത്തും റോഡിന്റെ വീതി ഇനിയും കൂട്ടാന്‍ കഴിയില്ല. അതുകൊണ്ടാണ് ബാംഗ്ലൂര്‍ പോലുള്ള സ്ഥലങ്ങളില്‍ ഗതാഗതക്കുരുക്കിനും പ്രശ്‌നങ്ങള്‍ക്കും കാരണം.. ' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മള്‍ട്ടി ലെയേര്‍ഡ് റോഡുകള്‍, ബൈപാസുകള്‍, ഗതാഗതം കൂടുതലുള്ള സ്ഥലങ്ങളില്‍ ബദല്‍ റൂട്ടുകള്‍ തുടങ്ങിയ നൂതനമായ പരിഹാരങ്ങള്‍ കേന്ദ്രം ശ്രമിക്കുമ്പോള്‍ ജനസംഖ്യയും വാഹന വളര്‍ച്ചയും ഒരു പ്രശ്‌നമാണെന്നും ഗഡ്കരി പറഞ്ഞു.
റോഡ് നിര്‍മാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍, പാരിസ്ഥിതിക അനുമതി എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അദ്ദേഹം പ്രസംഗത്തില്‍ ഉയര്‍ത്തിക്കാട്ടി. ബാംഗ്ലൂര്‍, പൂനെ തുടങ്ങിയ നഗരങ്ങളില്‍ ഏറ്റെടുക്കാന്‍ ഭൂമി ഇല്ലെന്നും അതിനാല്‍ റോഡ് വീതി കൂട്ടുന്നത് വലിയ വെല്ലുവിളി ആണെന്നും ഗഡ്കരി പറഞ്ഞു.
ട്രോളി ബസ്, ഇലക്ട്രിക് ബസുകള്‍ തുടങ്ങിയ ബഹുജന റാപ്പിഡ് ട്രാന്‍സ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് ആളുകള്‍ക്ക് യാത്ര ചെയ്യാമെന്നും ഗതാഗത മന്ത്രി പറഞ്ഞു.