ജിഎസ്ടി നികുതിദായകര്‍ക്ക് റേറ്റിംഗ് സ്‌കോര്‍ നല്‍കുന്നു; പദ്ധതി നികുതിവെട്ടിപ്പ് തടയുന്നതിന്റെ ഭാഗം
തിരുവനന്തപുരം; സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നികുതിദായകര്‍ക്ക് റേറ്റിംഗ് സ്‌കോര്‍ കാര്‍ഡ് നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.
ജി.എസ്.ടി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1.5 കോടി രൂപയില്‍ അധികം വാര്‍ഷിക വിറ്റു വരവുള്ള വ്യാപാരികള്‍ക്കാണ് ടാക്‌സ് പെയര്‍ കാര്‍ഡ് എന്ന പേരില്‍ റേറ്റിംഗ് സ്‌കോര്‍ നല്‍കുന്നത്. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലും, നികുതി അടയ്ക്കുന്നതിലും പുലര്‍ത്തുന്ന കൃത്യത കണക്കാക്കിയാണ് റേറ്റിംഗ് സ്‌കോര്‍ തയ്യാറാക്കുന്നത്. വ്യാപാരികള്‍ റിട്ടേണുകള്‍ സമയബന്ധിതമായി സമര്‍പ്പിക്കുന്നുണ്ടെന്നതും സമര്‍പ്പിക്കുന്ന റിട്ടേണുകളിലെ കൃത്യതയും ടാക്‌സ് പേയര്‍ കാര്‍ഡ് വഴി പൊതുജനങ്ങള്‍ക്ക് അറിയാനാകും.
മികച്ച റേറ്റിങ് ഉള്ള സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നത് വഴി പൊതുജനങ്ങള്‍ നല്‍കുന്ന നികുതി സര്‍ക്കാരില്‍ എത്തുന്നു എന്ന് ഇത് വഴി ഉറപ്പിക്കാനാകും. അനധികൃതമായി നടത്തുന്ന നികുതി പിരിവ് തടയാനും കഴിയും.
മികച്ച റേറ്റിങ് നികുതിദായകര്‍ക്ക് വേഗത്തിലും, സുതാര്യവും, കാര്യക്ഷമവുമായ നികുതിദായക സേവനങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കും. ബി-ടു -ബി ഇടപാടുകള്‍ക്ക് മികച്ച റേറ്റിങ് ഉള്ള സ്ഥാപനം തിരഞ്ഞടുത്താല്‍ ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് യഥാസമയം ലഭിക്കാന്‍ സഹായകരമാകും. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ്‌സൈറ്റായ www.keralataxes.gov.in ല്‍ റേറ്റിങ് കാര്‍ഡ് വിവരങ്ങള്‍ ലഭ്യമാകും.