ഗാര്‍ഹിക പീഡന പരാതിയെ ഗുജറാത്ത് പോലിസ് ലൗ ജിഹാദാക്കി അവതരിപ്പിച്ചെന്ന് ആരോപണം: പ്രതി ചേര്‍ക്കപ്പെട്ട നാല് പേര്‍ക്ക് ജാമ്യം

Update: 2021-10-16 13:41 GMT

ഗാന്ധിനഗര്‍: നിര്‍ബന്ധിത മതംമാറ്റ നിരോധന നിയമമനുസരിച്ച് അറസ്റ്റിലായ നാല് പേര്‍ക്ക് ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

വഡോദര സ്വദേശി സമീര്‍ ഖുറേശി(26)യ്‌ക്കെതിരേ ഒരു സ്ത്രീ നല്‍കിയ കേസിലാണ് സമീറിനും മറ്റ് മൂന്ന് പേര്‍ക്കും ജാമ്യം അനുവദിച്ചത്. സമീര്‍ ഒരു ക്രിസ്ത്യാനിയായി നടിച്ച് വ്യാജ ഐഡി കാര്‍ഡുകള്‍ ഉപയോഗിച്ച് സാമൂഹിക മാധ്യമത്തിലൂടെ വിവാഹാലോചന നടത്തി വിവാഹം കഴിച്ചെന്നാണ് പരാതി. സമീര്‍ അവരെ ബലാല്‍സംഗം ചെയ്‌തെന്നും പരാതിയിലുണ്ട്. ഖുറേശിയുടെ കുടുംബത്തിനെതിരേയും പരാമര്‍ശമുണ്ട്.

ഖുറേശിയ്ക്കും മറ്റ് എട്ട് പേര്‍ക്കുമെതിരേയാണ് ഗുജറാത്ത് മതസ്വാതന്ത്ര്യ(ഭേദഗതി)ബില്ല് 2021 പ്രകാരം കേസെടുത്തത്. ഖുറേശിയുടെ പിതാവും അമ്മാവനും സഹോദരിയും പ്രതികളാണ്. ഈ വകുപ്പിനു പുറമെ ഗാര്‍ഹിക പീഡനം, ഭീഷണി തുടങ്ങി ഐപിസിയിലെ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.

എന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പരാതിക്കാരി പരാതിയില്‍ മാറ്റം വരുത്തി. താനും ഖുറേശിയും ഇസ്‌ലാമിക നിയമമനുസരിച്ച് വിവാഹിതരതായെന്നും അതിന് തന്റെയും ഖുറേശിയുടെയും കുടുംബത്തിന്റെ അനുമതിയുണ്ടായിരുന്നെന്നും അവര്‍ കോടതിയില്‍ മൊഴി നല്‍കി.

ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടാണ് പരാതി നല്‍കിയതെന്നും അത് പിന്നീട് പരിഹരിക്കപ്പെട്ടെന്നും പരാതിക്കാരി അറിയിച്ചു. തന്റെ പരാതിയെ പോലിസാണ് വളച്ചൊടിച്ചതെന്നും അവര്‍ ആരോപിച്ചു. ചില രാഷ്ട്രീയ സംഘടനകളാണ് പരാതിയെ ഈ വിധത്തില്‍ വളച്ചൊടിക്കാന്‍ സ്വീധാനം ചെലുത്തിയതെന്ന ഗുരുതരമായ ആരോപണമവും ഉയര്‍ത്തിയിട്ടുണ്ട്. പരാതിക്കാരി ഒരുക്കല്‍പോലും നല്‍കാത്ത മൊഴിയാണ് അമിത താല്‍പ്പര്യമെടുത്ത പോലിസ് എഫ്‌ഐആറില്‍ എഴുതിച്ചേര്‍ത്തതെന്നും കോടതിയില്‍ ചൂണ്ടിക്കാട്ടി.

കേസില്‍ ഏഴ് പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. മൂന്ന് പേര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചു. ഖുറേശിയെയും വിവാഹം നടത്തിയ പുരോഹിതനെയും രണ്ട് സാക്ഷികളെയും പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. അവര്‍ക്കാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചത്.

Tags:    

Similar News