കെജ്‌രിവാളിന്റെ സന്ദര്‍ശനത്തിന് പിന്നാലെ അഹമ്മദാബാദിലെ എഎപി ഓഫിസില്‍ പോലിസ് റെയ്ഡ്
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അഹമ്മദാബാദിലെത്തിയതിന് തൊട്ടുപിന്നാലെയാണ് റെയ്ഡ് നടത്തിയതെന്ന് ആം ആദ്മി പാര്‍ട്ടി (എഎപി) ഗുജറാത്ത് ഘടകം നേതാക്കള്‍ ട്വിറ്ററില്‍ അറിയിച്ചു.
ന്യൂഡല്‍ഹി: അഹമ്മദാബാദിലെ ആം ആദ്മി പാര്‍ട്ടി (എഎപി) ഓഫിസില്‍ ഗുജറാത്ത് പോലിസ് റെയ്ഡ് നടത്തി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അഹമ്മദാബാദിലെത്തിയതിന് തൊട്ടുപിന്നാലെയാണ് റെയ്ഡ് നടത്തിയതെന്ന് ആം ആദ്മി പാര്‍ട്ടി (എഎപി) ഗുജറാത്ത് ഘടകം നേതാക്കള്‍ ട്വിറ്ററില്‍ അറിയിച്ചു.
എഎപിയുടെ നേതാക്കളും പ്രവര്‍ത്തകരും കടുത്ത സത്യസന്ധരായതിനാല്‍ ഗുജറാത്ത് പോലിസ് പാര്‍ട്ടി ഓഫിസില്‍ നിന്ന് ഒന്നും കണ്ടെത്തിയില്ലെന്ന് ഇതിനോട് പ്രതികരിച്ച് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഗുജറാത്തിലെ ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന വമ്പിച്ച പിന്തുണ ബിജെപിയെ വല്ലാതെ ഉലച്ചിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായി ഗുജറാത്തില്‍ കൊടുങ്കാറ്റ് വീശുന്നു.ഡല്‍ഹിക്ക് പിന്നാലെ ഇപ്പോള്‍ ഗുജറാത്തിലും റെയ്ഡ് തുടങ്ങി. ഡല്‍ഹിയില്‍ ഒന്നും കണ്ടെത്തിയില്ല, ഗുജറാത്തിലും ഒന്നും കണ്ടെത്തിയില്ല'-ഹിന്ദിയിലുള്ള ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു. എഎപിയുടെ അവകാശവാദത്തോട് ഗുജറാത്ത് പോലിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
गुजरात की जनता से मिल रहे अपार समर्थन से भाजपा बुरी तरह बौखला गयी है। "आप" के पक्ष में गुजरात में आँधी चल रही है
— Arvind Kejriwal (@ArvindKejriwal) September 11, 2022
दिल्ली के बाद अब गुजरात में भी रेड करनी शुरू कर दी। दिल्ली में कुछ नहीं मिला, गुजरात में भी कुछ नहीं मिला
हम कट्टर ईमानदार और देशभक्त लोग हैं https://t.co/GBu1ddoSIY
അരവിന്ദ് കെജ്‌രിവാള്‍ അഹമ്മദാബാദിലെത്തിയ ഉടന്‍ പാര്‍ട്ടി ഓഫീസ് റെയ്ഡ് ചെയ്യുകയും രണ്ട് മണിക്കൂര്‍ തിരച്ചില്‍ നടത്തുകയും ചെയ്തുവെന്ന് പാര്‍ട്ടിയുടെ ഗുജറാത്ത് ഘടകം നേതാവ് ഇസുദന്‍ ഗാധ്വി ട്വിറ്ററില്‍ അവകാശപ്പെട്ടതിന് പിന്നാലെയാണ് എഎപി ദേശീയ കണ്‍വീനര്‍ ബിജെപിയെ വിമര്‍ശിച്ചു മുന്നോട്ട് വന്നത്.