കെട്ടിടത്തിന് അംബേദ്കറുടെ പേരിടണമെന്നാവശ്യപ്പട്ട് പ്രതിഷേധം; ജിഗ്‌നേഷ് മേവാനിക്കും കൂട്ടാളികള്‍ക്കും ജയില്‍ ശിക്ഷയും പിഴയും

2016 നവംബര്‍ 15നായിരുന്നു ഗുജറാത്ത് സര്‍വകലാശാലയുടെ നിയമഭവന്‍ കെട്ടിടത്തിന് അംബേദ്കറുടെ പേരിടണമെന്നാവശ്യപ്പെട്ട് മേവാനി ഉള്‍പ്പെടെയുള്ളവര്‍ ഗുജറാത്ത് യൂനിവേഴ്‌സിറ്റി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ വിജയ് ക്രോസ് റോഡ് ഉപരോധിച്ചത്.

Update: 2022-09-16 18:42 GMT

അഹമ്മദാബാദ്: സര്‍വകലാശാലയിലെ കെട്ടിടത്തിന് അംബേദ്കറുടെ പേരിടണം എന്നാവശ്യപ്പട്ട് പ്രതിഷേധിച്ച കേസില്‍ ദലിത് നേതാവും എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിക്ക് തടവ് ശിക്ഷ.

2016 നവംബര്‍ 15നായിരുന്നു ഗുജറാത്ത് സര്‍വകലാശാലയുടെ നിയമഭവന്‍ കെട്ടിടത്തിന് അംബേദ്കറുടെ പേരിടണമെന്നാവശ്യപ്പെട്ട് മേവാനി ഉള്‍പ്പെടെയുള്ളവര്‍ ഗുജറാത്ത് യൂനിവേഴ്‌സിറ്റി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ വിജയ് ക്രോസ് റോഡ് ഉപരോധിച്ചത്.

അഹമ്മദാബാദിലെ മോട്രോ പൊളിറ്റന്‍ കോടതി ആണ് മേവാനിക്ക് ആറ് മാസം തടവും 700 രൂപ പിഴയും വിധിച്ചത്. ശിക്ഷ വിധിച്ചത്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പി എന്‍ ഗോസ്വാമിയാണ് വിധി പറഞ്ഞത്. മേവാനിയെ കൂടാതെ അന്ന് അറസ്റ്റിലായ 18 പേര്‍ക്കും കോടതി ശിക്ഷ വിധിച്ചു.

യൂണിവേഴ്‌സിറ്റിയില്‍ നിര്‍മാണത്തിലിരിക്കുന്ന നിയമ ഭവന്‍ കെട്ടിടത്തിന് ഭരണഘടനാ ശില്‍പിയായ അംബേദ്കറുടെ പേര് നല്‍കണമെന്നും സര്‍വകലാശാലയില്‍ അംബേദ്കര്‍ പ്രതിമ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ജിഗ്‌നേഷ് മേവാനിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ചായിരുന്നു സമരം നടത്തിയത്.

പ്രതിഷേധവുമായി ബന്ധപ്പെട്ട് മേവാനി, രാകേഷ് മഹേരിയ, സുബോധ് പര്‍മര്‍, ദീക്ഷിത് പര്‍മര്‍ അടക്കം 20 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഇതിലൊരാള്‍ പിന്നീട് മരണപ്പെട്ടു. കലാപം സൃഷ്ടിക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് മേവാനിക്കും ഒപ്പമുണ്ടായിരുന്നവര്‍ക്കും എതിരെ ചുമത്തിയത്.

അനുമതിയില്ലാതെ റാലി നടത്തിയതിന് 2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മെഹ്‌സാന ജില്ലയിലെ മജിസ്റ്റീരിയല്‍ കോടതി മേവാനിക്കും മറ്റ് ഒമ്പത് പേര്‍ക്കും മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ കേസില്‍ ഗുജറാത്തിന് പുറത്തേക്ക് അനുമതിയില്ലാതെ യാത്ര ചെയ്യുന്നത് കോടതി വിലക്കുകയും ചെയ്തിരുന്നു.

Tags:    

Similar News