അഹമ്മദാബാദ് വധ ശിക്ഷ: വിധി വിചിത്രവും അവിശ്വസനീയവും-പിഎസ് അബ്ദുല്‍ കരീം

മക്കള്‍ നിരപരാധികള്‍. അവരുടെ മോചനത്തിനായി നിയമപോരാട്ടം തുടരും

Update: 2022-02-24 06:57 GMT
കോട്ടയം: അഹമ്മദാബാദ് സ്‌ഫോടനപരമ്പര കേസിലെ കോടതി വിധി വിചിത്രവും അവിശ്വസനീയവുമെന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഈരാറ്റുപേട്ട സ്വദേശികളായ ശിബിലിയുടെയും ശാദുലിയുടെയും പിതാവ് പി എസ് അബ്ദുല്‍ കരീം. കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്നും നിരപരാധികളായ മക്കളുടെ മോചനത്തിനായി നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


കേസില്‍ 38 പേര്‍ക്ക് വധശിക്ഷയും 11 പേര്‍ക്ക് ജീവപര്യന്തം തടവും ശിക്ഷയാണ് വിധിച്ചത്. അഹമ്മദാബാദില്‍ സ്‌ഫോടനം നടക്കുമ്പോള്‍ ശിബിലിയും ശാദുലിയും ഇന്‍ഡോര്‍ ജയിലില്‍ വിചാരണ തടവുകാരായി കഴിയുകയായിരുന്നു. സ്‌ഫോടനത്തിന് നാലു മാസം മുമ്പ് 2008 മാര്‍ച്ച് 26ന് മറ്റൊരു കുറ്റമാരോപിച്ച് മധ്യപ്രദേശിലെ ഇന്‍ഡോര്‍ പോലിസ് അവരെ അറസ്റ്റു ചെയ്തിരുന്നു. അഹമ്മദാബാദ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മിക്കവരും സ്‌ഫോടനം നടക്കുമ്പോള്‍ വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളിലായിരുന്നു. യുവാക്കളുടെ പേരില്‍ ആരോപിക്കപ്പെട്ടത് ഗൂഡാലോചന കുറ്റമാണ്. വിവിധ ജയിലുകളില്‍ കഴിഞ്ഞിരുന്നവര്‍ ഒരുമിച്ച് ഗൂഡാലോചനയില്‍ പങ്കാളികളായി എന്നതുതന്നെ അവിശ്വസനീയമാണ്. പ്രതിചേര്‍ക്കപ്പെട്ടവരില്‍ പലര്‍ക്കും പരസ്പരം പരിചയം പോലുമില്ലാത്തവരാണ്. കേസില്‍ വിചാരണ വേളയില്‍ ഒന്‍പതു ജഡ്ജിമാരാണ് മാറിമാറി വന്നത്. വിചാരണയുടെ അവസാന ഘട്ടത്തില്‍ വന്ന ഒന്‍പതാമത്തെ ജഡ്ജിയാണ് 7015 പേജുള്ള വിധിന്യായം എഴുതിയത്. ഇത്രയും പേജുകളുള്ള വിധിന്യായം എഴുതാനുള്ള സമയം പോലും ഈ ജഡ്ജിക്ക് ലഭിച്ചിട്ടില്ല. കൂടാതെ എട്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പ്രതിയായ കേസില്‍ ഗുജറാത്തി ഭാഷയിലാണ് വിധിന്യായം തയ്യാറാക്കിയിട്ടുള്ളത്.

ഇപ്പോള്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശിബിലി ഇന്‍ഡോറില്‍ അറസ്റ്റിലാവുന്നതിന് മുമ്പ് ആരോപിക്കപ്പെട്ട കേസുകളിലെല്ലാം നീണ്ട വിചാരണയ്ക്കുശേഷം കുറ്റവിമുക്തനാക്കപ്പെടുകയായിരുന്നു. കര്‍ണാടകയിലെ ഹുബ്ലി, മധ്യപ്രദേശിലെ നരസിംഹഗെഡ് കേസുകളിലാണ് വിസ്താരം നടത്തിയ ശേഷം കുറ്റവിമുക്തനാക്കപ്പെട്ടത്. മുംബൈ സബര്‍ബന്‍ സ്‌ഫോടന പരമ്പര കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ശിബിലിയെ ഇന്‍ഡോറില്‍ അറസ്റ്റിലായ ശേഷം ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തില്‍ എടിഎസ് ചോദ്യം ചെയ്യുകയും നിരപരാധിത്വം ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ചാര്‍ജ് ഷീറ്റില്‍ നിന്ന് ഒഴിവാക്കുകയുമായിരുന്നു. മക്കള്‍ക്ക് ഈ സംഭവത്തില്‍ യാതൊരു പങ്കുമില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നതായും ഉന്നത നീതിപീഠങ്ങളില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പി എസ് അബ്ദുല്‍ കരീം വ്യക്തമാക്കി.

Tags:    

Similar News