പെരിയ ഇരട്ടക്കൊലക്കേസ്: പ്രധാന പ്രതികളായ സിപിഎം നേതാക്കളുടെ ശിക്ഷ മരവിപ്പിച്ചു
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രധാന പ്രതികളായ സിപിഎം നേതാക്കളുടെ ശിക്ഷ മരവിപ്പിച്ചു. 14ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ മണികണ്ഠന്‍, 20ാം പ്രതി ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, 21ാം പ്രതി രാഘവന്‍ വെളുത്തോളി, 22ാം പ്രതി കെ വി ഭാസ്‌കരന്‍ എന്നിവരുടെ ശിക്ഷയാണ് മരവിപ്പിച്ചത്. കേസില്‍ പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. അഞ്ച് വര്‍ഷം തടവും 10,000 രൂപ വീതം പിഴയുമാണ് ഇവര്‍ക്ക് കോടതി വിധിച്ചിരുന്നത്. ശിക്ഷ വിധി റദ്ദാക്കണമെന്നായിരുന്നു അപ്പീലിലെ ആവശ്യം.
10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും, കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ള നാല് സിപിഎം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം തടവുമായിരുന്നു കേസില്‍ കൊച്ചി സിബിഐ കോടതിയുടെ വിധി. സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ പ്രതികളായ കേസില്‍ വിധി പ്രസ്താവിക്കുന്നത് ആറു വര്‍ഷത്തോളം നീണ്ട നിയമയുദ്ധങ്ങള്‍ക്കൊടുവിലായിരുന്നു.
2019 ഫെബ്രുവരി 17നു രാത്രി ഏഴരയോടെയാണു നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ ശരത് ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.