ഗുലാബ് ചുഴലിക്കാറ്റ്: ഞായറാഴ്ച ഒഡീഷയിലും ആന്ധ്രയിലും കനത്ത മഴക്ക് സാധ്യത; കാബിനറ്റ് സെക്രട്ടറി യോഗം വിളിച്ചു
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി ഡല്‍ഹിയില്‍ പ്രത്യേക യോഗം വിളിച്ചു. ശനിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടത്. ഞായറാഴ്ച ആന്ധ്രയിലെയും തൊട്ടുടുത്ത ഒഡീഷയിലെയും തീരം തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുലാബ് എന്നാണ് നാളെ വീശിയടിക്കുന്ന ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്.
കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയാണ് നാഷണല്‍ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളുടെ യോഗം വിളിച്ചത്. പ്രതിസന്ധി ഘട്ടത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.
കലിങ്കപട്ടണത്തുനിന്ന് 480 കിലോമീറ്റര്‍ കിഴക്ക് വടക്ക് കിഴക്കായും ഗോപാല്‍ പൂരില്‍ നിന്ന് 410 കിലോമീറ്റര്‍ കിഴക്ക് തെക്ക് കിഴക്കായുമാണ് കാറ്റ് രൂപം കൊള്ളുന്നത്.
സപ്തംബര്‍ 26ാം തിയ്യതിയാണ് ആന്ധ്രയുടെ വടക്കന്‍ പ്രദേശങ്ങളിലൂടെയും ഒഡീഷയുടെ തെക്കന്‍ പ്രദേശങ്ങളിലൂടെയും മണിക്കൂറില്‍ 75-85 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുക.
ശ്രീകാകുളം, വിശാഖപ്പട്ടണം, വിജയനഗരം, ഗുജറാത്തിലെ ഗജപതി തുടങ്ങിയ പ്രദേശങ്ങളിലൂടെയാണ് ചുഴലിക്കാറ്റ് കടന്നുപോവുക.
എല്ലാ തയ്യാറെടുപ്പുകളും നടത്തിയതായും ആവശ്യമെങ്കില്‍ സഹായം എത്തിക്കുമെന്നും സെക്രട്ടറി സംസ്ഥാനങ്ങളെ അറിയിച്ചു.
ദേശീയ ദുരന്ത നിവാരണ സേന 18 ടീമുകളെ ഒഡീഷ, ആന്ധ്ര പ്രദേശ് മേഖലയിലേക്ക് നിയോഗിച്ചിട്ടുണ്ട്.
അതില്‍ 13 ടീമുകള്‍ ഒഡീഷയിലേക്കും 5 എണ്ണം ആന്ധ്രയിലേക്കും നിയോഗിക്കും.
ഒഡീഷയിലെ ബാലസോര്‍, ഗഞ്ചം, ഗജപതി, രായഗഡ, കോരപുട്ട്, നയാഗഡ്, മല്‍കന്‍ഗിരി ജില്ലകളിലും ആന്ധ്രയിലെ വിശാഖപട്ടണം, ശ്രീകാകുളം, യാനം, വിജയാനഗരം തുടങ്ങിയ ജില്ലകളിലുമാണ് എന്‍ഡിആര്‍എഫ് ടീമുകളെ വിന്യസിപ്പിക്കുക.