തിരുവനന്തപുരം: ശ്രീ നാരായണ ഗുരുവിന്റെ മാനവിക ദര്‍ശനങ്ങളെ സങ്കുചിത-വരേണ്യ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി പുനരാഖ്യാനം ചെയ്യുന്നതിനെ പൊളിച്ചെഴുതുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിരീക്ഷണം സ്വാഗതാര്‍ഹമാണന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ്.
ശ്രീനാരായണ ഗുരു സനാതന ധര്‍മത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ലെന്നും മറിച്ച്, അതിനെ ഉടച്ചുവാര്‍ത്ത് പുതിയ കാലത്തിനായുള്ള ഒരു നവയുഗ ധര്‍മത്തെ വിളംബരം ചെയ്ത സന്യാസിവര്യനായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. സനാതന ധര്‍മം എന്നതുകൊണ്ടു വിവക്ഷിക്കുന്ന വര്‍ണാശ്രമ ധര്‍മത്തെ വെല്ലുവിളിച്ചുകൊണ്ടും മറികടന്നുകൊണ്ടും കാലത്തിനൊത്തു നിലനില്‍ക്കുന്നതാണ് ഗുരുവിന്റെ നവയുഗ മാനവിക ധര്‍മം എന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിഷയമാകേണ്ടതുണ്ട്.
ചാതുര്‍വര്‍ണ്യ പ്രകാരമുള്ള വര്‍ണാശ്രമ ധര്‍മം ഉയര്‍ത്തിപ്പിടിച്ചത് കുലത്തൊഴിലിനെയാണെന്നും കുലത്തൊഴിലിനെ ധിക്കരിക്കാന്‍ ആഹ്വാനം ചെയ്ത ഗുരു എങ്ങനെ സനാതന ധര്‍മത്തിന്റെ വക്താവാകുമെന്ന ചോദ്യം വളരെ പ്രസക്തമാണ്. ചാതുര്‍വര്‍ണ്യത്തെ അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാരത്തിന്റെ കേരളത്തിലെ വര്‍ഗീയ- വിഭജന രാഷ്്ട്രീയത്തെ തുറന്നെതിര്‍ക്കാനുള്ള ബാധ്യത കൂടി മുഖ്യമന്ത്രി പ്രകടിപ്പിക്കേണ്ടതുണ്ട്. ഗുരുവിന്റെ ദര്‍ശനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിരീക്ഷണത്തെകുറിച്ച് ഗുണാല്‍മകമായ സംവാദങ്ങളും ചര്‍ച്ചകളും ഉയര്‍ന്നു വരേണ്ടതുണ്ടെന്നും സി പി എ ലത്തീഫ് പറഞ്ഞു.