ഗ്യാന്‍വാപി: രണ്ടാം ബാബരിക്കുള്ള പടയൊരുക്കം; ദേശീയ യൂത്ത് ലീഗ്

Update: 2022-09-13 15:14 GMT

കോഴിക്കോട്: ഗ്യാന്‍വ്യാപി മസ്ജിദ് കേസില്‍ വരാണസി ജില്ലാ കോടതിയുടെ വിധി 1991ലെ ആരാധനാലയ നിയമത്തെ അട്ടിമറിക്കുന്നതാണെന്ന് മുസ് ലിംയൂത്ത് ലീഗ് ദേശീയ കമ്മിറ്റി. ഇന്ത്യയിലെ എല്ലാ ആരാധനാലയങ്ങളും 1947 ആഗസ്ത് 15നുളള അവസ്ഥയില്‍ തന്നെ തുടരണം എന്ന് വ്യവസ്ഥ ചെയ്യുന്ന നിയമത്തിന്റെ നാലാം വകുപ്പിന്റെ പരിരക്ഷ കോടതി തന്നെ ഗ്യാന്‍വ്യാപി മസ്ജിദിന് നിക്ഷേധിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ: വി കെ ഫൈസല്‍ ബാബു പറഞ്ഞു.

രണ്ടാം ബാബരി മസ്ജിദിനുള്ള അരങ്ങൊരുക്കലാണ് സംഘ് പരിവാര്‍ സംഘടനകള്‍ നടത്തുന്നത്. ആരാധനാലയങ്ങളെ അവസാനിക്കാത്ത തര്‍ക്കങ്ങളിലേക്കും നിയമവ്യവഹാരങ്ങളിലേക്കും വഴിവച്ച് കൊണ്ട് രാജ്യത്തിന്റെ സമാധാനജീവിതം അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. തങ്ങള്‍ക്കാവശ്യമുള്ളിടത്ത് ചരിത്രം കുഴിച്ച് നോക്കി ആവശ്യമായത് കണ്ടെത്തി തര്‍ക്കമുയത്താനുള്ള ശ്രമം ബാബരി കേസില്‍ രാജ്യം കണ്ടതാണ്. മതേതര ഇന്ത്യ ഇതിന് വലിയ വില നല്‍കേണ്ടിവന്നു. ബാബരി ധ്വംസന കാലത്ത് സംഘ്പരിവാര്‍ ഉയര്‍ത്തിയ കാശി മഥുര ബാക്കി ഹേ എന്ന ഭീഷണി രാജ്യം കേട്ടതാണ്. ഒരു വട്ടം കൂടി വര്‍ഗീയ കലാപങ്ങളിലേക്കും ധ്രുവീകരണത്തിലേക്കും രാജ്യത്തെ കൊണ്ടു പോകാനുള്ള ശ്രമമാണ് നടക്കുന്നത്. ഉന്നത നീതിന്യായ കോടതികളും മതേതര ജനാധിപത്യ ശക്തികളും ഇത് തിരിച്ചറിഞ്ഞ് ജാഗ്രതയോടെ പ്രതിരോധമുയര്‍ത്തണമെന്നും അഡ്വ: ഫൈസല്‍ ബാബു പറഞ്ഞു.

Tags:    

Similar News