ജോഡോ അഭിയാന് 26 നിരീക്ഷകര്‍; തമിഴ്‌നാടിന്റെ ചുമതല കൊടിക്കുന്നില്‍ സുരേഷിന്

Update: 2022-12-28 03:13 GMT

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തുന്ന 'ഹാത് സേ ഹാത് ജോഡോ അഭിയാന്‍' (കൈകോര്‍ത്തുള്ള പ്രചാരണം) പരിപാടിയുടെ ആസൂത്രണത്തിനും നടത്തിപ്പിനുമായി വിവിധ സംസ്ഥാനങ്ങളിലേക്ക് 26 നിരീക്ഷകരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിയമിച്ചു. കേരളത്തിലെയും ലക്ഷദ്വീപിലെയും ചുമതല തമിഴ്‌നാട്ടില്‍ നിന്നുള്ള എംപി തിരുനാവുക്കരസുവിനാണ്. കൊടിക്കുന്നില്‍ സുരേഷ് എംപിക്കാണ് തമിഴ്‌നാടിന്റെ നിരീക്ഷക ചുമതല.

മറ്റ് പ്രമുഖ നിരീക്ഷകര്‍: മിലിന്ദ് ദേവ്‌റ (ഗുജറാത്ത്, ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു), പൃഥ്വിരാജ് ചവാന്‍ (കര്‍ണാടക), പ്രമോദ് തിവാരി (മദ്ധ്യപ്രദേശ്), സുഭാഷ് ചോപ്ര (ഹരിയാന), ദീപേന്ദര്‍ ഹൂഡ (ഉത്തര്‍പ്രദേശ്), പല്ലം രാജു (മഹാരാഷ്ട്ര), പി എല്‍ പൂനിയ (മുംബൈ), അജയ് കുമാര്‍ ലല്ലു (ഉത്തരാഖണ്ഡ്), ഗുലാം അഹമ്മദ് മിര്‍ (പശ്ചിമ ബംഗാള്‍, ആന്തമാന്‍ നിക്കോബാര്‍). ഭാരത് ജോഡോ യാത്ര സമാപിക്കുന്ന ജനുവരി 26 മുതലാണ് രണ്ടുമാസം നീണ്ടുനില്‍ക്കുന്ന ഹാത് സേ ഹാത് ജോഡോ അഭിയാന്‍ എന്ന പേരില്‍ പ്രചാരണ പരിപാടി ആരംഭിക്കുന്നത്.

ബിജെപി സര്‍ക്കാരിനെതിരേ രാഹുല്‍ ഗാന്ധി എഴുതിയ കത്ത് വിതരണം, മണ്ഡലം, ബ്ലോക്ക് തലങ്ങളില്‍ പദയാത്ര, ഡിസിസിയുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍, പിസിസിയുടെ നേതൃത്വത്തില്‍ റാലി എന്നിവയെല്ലാം ജോഡോ അഭിയാന്റെ ഭാഗമായി നടക്കും. ഹാത് സേ ഹാത് ജോഡോ അഭിയാന്റെ ഭാഗമായി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ സംസ്ഥാന തലസ്ഥാനങ്ങളില്‍ വനിതാ ജാഥ നടത്തും. ജില്ലാ, ബ്ലോക്കുതല കണ്‍വന്‍ഷന്‍ തുടങ്ങിയവയും സംഘടിപ്പിക്കും. പരിപാടികള്‍ വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും. 2023 മാര്‍ച്ച് 26ന് പ്രചാരണ പരിപാടി സമാപിക്കും.

Tags:    

Similar News