ഇസ് ലാം വാളുകൊണ്ട് പ്രചരിച്ചിരുന്നെങ്കില്‍ ഒരു ഹിന്ദുപോലും ശേഷിക്കുമായിരുന്നില്ല; ആര്‍എസ്എസ് കുപ്രചാരണങ്ങള്‍ക്ക് മറുപടി പറഞ്ഞ് കര്‍ണാടക മുന്‍ സ്പീക്കര്‍

Update: 2021-10-04 04:01 GMT

ബെംഗളൂരു: ആര്‍എസ്എസ്സിന്റെ കുപ്രചാരണങ്ങള്‍ക്ക് അര്‍ഹിക്കുന്ന മറുപടി പറഞ്ഞ് കര്‍ണാടക മുന്‍ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍. വാളുകൊണ്ടായിരുന്നു ഇസ് ലാം പ്രചരിച്ചിരുന്നതെങ്കില്‍ 800വര്‍ഷത്തോളം മുസ് ലിംകള്‍ ഭരണം നടത്തിയ രാജ്യത്ത് ഒരു ഹിന്ദുപോലും ശേഷിക്കുമായിരുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്‍ ചീഫ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. എസ് വൈ ഖുറേശി എഴുതിയ പോപുലേഷന്‍ മിത്ത് എന്ന പുസ്തകത്തിന്റെ ബെംഗളൂരുവില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയവാദികള്‍ ഭരണഘടനയെ അട്ടിമറിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വര്‍ഗീയവാദികള്‍ നടത്തുന്നത് തെറ്റായ പ്രചാരണമാണെന്നും മുസ് ലിം ഭരണകാലത്തെ ചരിത്രം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും മുസ് ലിം ഭരണാധികാരികള്‍ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ കുറച്ചുകാണുകയാണെന്നും അദ്ദേഹം പറഞ്ഞു. 

'ഇന്ന് ഈ രാജ്യത്തിന് വേണ്ടി മുസ് ലിംകള്‍ ചെയ്ത സംഭാവനകള്‍ ജനങ്ങളുടെ മനസ്സില്‍ നിന്ന് മായ്ച്ചുകളയുകയും ചരിത്രപരമായ വസ്തുതകള്‍ വളച്ചൊടിക്കുകയും ചെയ്തിരിക്കുന്നു. മുസ് ലിംകള്‍ നിര്‍ബന്ധിച്ച് ഇസ് ലാമിലേക്ക് മതംമാറ്റിയതായും പ്രചരിപ്പിക്കുകയാണ്''-അദ്ദേഹം പറഞ്ഞു.

2008 മെയ് 25 മുതല്‍ 2019 ജൂലൈ 29വരെ 16ാമത് സ്പീക്കറായിരുന്നു രമേശ് കുമാര്‍. 2019ല്‍ കോണ്‍ഗ്രസ്സില്‍ നിന്നും ജനതാദളില്‍ നിന്നും കാലുമാറിയ 17 എംഎല്‍എമാരെ അദ്ദേഹം അയോഗ്യരാക്കി. കോലാര്‍ ജില്ലയിലെ ശ്രീനിവാസ് പൂര്‍ മണ്ഡലത്തിലെ എംഎല്‍എയാണ്.

മുസ് ലിംകള്‍ ഹിന്ദുക്കളെ ജനസംഖ്യകൊണ്ട് മറികടക്കുമെന്ന കുപ്രചരണങ്ങള്‍ക്കുള്ള മറുപടിയാണ് ഖുറേശിയുടെ ഗ്രന്ഥമെന്ന് അദ്ദേഹം വിശദീകരിച്ചു. കര്‍ണാടകയിലെ മുന്‍ മന്ത്രി ഡോ. എച്ച് സി മഹാദേവപ്പയും സമാനമായ നിലപാടാണ് എടുത്തത്.

ഇസ് ലം വാളുകൊണ്ടാണ് പ്രചരിപ്പിച്ചതെന്നതിന് തെളിവുകളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

മുസ് ലിംകള്‍ 800 വര്‍ഷവും തുടര്‍ന്ന് 200 വര്‍ഷം ബ്രിട്ടീഷുകാരും രാജ്യം ഭരിച്ചു. ഈ സമയത്തൊന്നും അവര്‍ ഇന്ത്യയെ ഇസ് ലാമിക രാജ്യമായോ ക്രൈസ്തവ രാജ്യമായോ പ്രഖ്യാപിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നീണ്ട ഭരണകാലമുണ്ടായിട്ടും ഇന്ത്യയില്‍ 80 ശതമാനത്തോളം അമുസ് ലിംകളാണ്. ഹിന്ദുക്കളും ദലിതരും ആദിവാസികളും ബൗദ്ധരും ജൈനരും ലിന്‍ഗായത്തുക്കളും സിഖുകാരും അതില്‍ ഉള്‍പ്പെടുന്നു. 

Tags:    

Similar News