ഹജ്ജ് 2022: ഇത്തവണത്തെ ഹജ്ജിന് വിദേശതീര്‍ത്ഥാടകര്‍ക്കും അനുമതി; ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് നവംബര്‍ മുതല്‍ അപേക്ഷിക്കാം
ന്യൂഡല്‍ഹി: ഹജ്ജ് 2022നുള്ള അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം നവംബറില്‍ പുറത്തിറക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ വകുുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. നവംബര്‍ മുതല്‍ തന്നെ ഓണ്‍ലൈന്‍ അപേക്ഷകളും ക്ഷണിക്കും. വിദേശ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണം സൗദി ഭരണകൂടം എടുത്തുമാറ്റാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
ഹജ്ജ് അവലോകന യോഗത്തില്‍ പങ്കെടുത്തുകൊണ്ടാണ് നഖ് വി ഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമേ ഹജ്ജിന് അനുമതി ലഭിക്കൂ. മാത്രമല്ല, ഇന്ത്യയും സൗദി അറേബ്യയും തീരുമാനിക്കുന്ന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം.
ഹജ്ജ് 2022മായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ഇത്തവണത്തെ ഹജ്ജ് പ്രോസസിങ് പൂര്‍ണമായും ഡിജിറ്റലായിട്ടായിരിക്കും നടപ്പാക്കുക. ഇന്തോനേഷ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഹജ്ജ് തീര്‍ത്ഥാടകരുള്ളത് ഇന്ത്യയില്‍ നിന്നാണ്.
ഡിജിറ്റല്‍ ഹെല്‍ത്ത് കാര്‍ഡ്, ഇ-മസിഹ, ഇ ലഗേജ്-ടാഗിങ് തുടങ്ങിയ സംവിധാനങ്ങള്‍ വഴി മക്കയിലെയും മദീനയിലെയും താമസം, ഗതാഗതം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭിക്കും.
ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള പ്രത്യേക പരിശീലനം ഇന്ത്യയിലും സൗദി അറേബ്യയിലും നല്‍കും. അന്താരാഷ്ട്ര കൊവിഡ് പ്രോട്ടോകോളും പാലിക്കണം.
ഇന്ത്യയിലെയും സൗദി അറേബ്യയിലെയും ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്ന തരത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
ന്യൂനപക്ഷ ക്ഷേമവകുപ്പ്, ആരോഗ്യവകുപ്പ്, വിദേശകാര്യവകുപ്പ്, സിവില്‍ ഏവിയേഷന്‍ വകുപ്പ്, ഹജ്ജ് കമ്മിറ്റി ഇന്ത്യ, ഇന്ത്യന്‍ എംബസി സൗദി അറേബ്യ, ജിദ്ദയിലെ കോണ്‍സുല്‍ ജനറല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുക. കൊവിഡിന്റെ സാഹചര്യത്തില്‍ ഹജ്ജിന് അനുമതി ലഭിക്കുന്നവരുടെ പ്രായം, ആരോഗ്യാവസ്ഥ തുടങ്ങിയ മാനദണ്ഡങ്ങള്‍ സംബന്ധിച്ച തീരുമാനവും ഉടന്‍ ഉണ്ടാവും.
ഹജ്ജ് 2020ല്‍ 3,000ത്തില്‍ കൂടുതല്‍ വനിതകളാണ് മഹറം ഇല്ലാത്ത വിഭാഗത്തില്‍ അപേക്ഷിച്ചിരുന്നത്. അവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ അവരുടെ അപേക്ഷകള്‍ 2022ല്‍ പരിഗണിക്കും. മഹറം ഇല്ലാത്ത വിഭാഗത്തിലേക്ക് പുതുതായും സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. മഹറം ഇല്ലാത്ത വിഭാഗത്തിലുള്ള സ്ത്രീകളെ നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കും.
ഹജ്ജ് അവലോകന യോഗത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി രേണുക കുമാര്‍, സൗജി ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസാഫ് സയ്യിദ്, ന്യൂനപക്ഷ വകുപ്പ് ജോയിന്റ് സെക്രട്ടറി നര്‍ഗീസ് ഫാത്തിമ തുടങ്ങി നിരവധി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.