മക്ക: ഹജ്ജിനുള്ള നടപടികളുടെ ഭാഗമായി നാളെ മുതല്‍ വിശുദ്ധ ഹറമില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ പെര്‍മിറ്റുകള്‍ അനുവദിക്കില്ലെന്ന് ഹജ്, ഉംറ സുരക്ഷാ സേനാ കമാണ്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു. ഹജ് തീര്‍ഥാടകരെ സ്വീകരിക്കുന്നതിനു മുന്നോടിയായി വിശുദ്ധ ഹറമിനടുത്ത പ്രദേശങ്ങള്‍ ഒഴിപ്പിക്കും. പെര്‍മിറ്റുള്ളവര്‍ക്കു മാത്രമാണ് ഹറമിനടുത്ത പ്രദേശങ്ങളിലേക്ക് പ്രവേശനം നല്‍കുക.
വിശുദ്ധ ഹറമിലും ഹറമിന്റെ മുറ്റങ്ങളിലും സുരക്ഷാ കാര്യങ്ങളുടെ ചുമതല ഹജ്, ഉംറ സുരക്ഷാ സേനക്കാണ്. മക്കയില്‍ നിന്നുള്ള ഹജ് തീര്‍ഥാടകരെ ഒറ്റക്ക് ഒറ്റക്കായി നേരെ ഹറമിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് ഹജ് സുരക്ഷാ സേനാ കമാണ്ടര്‍ മേജര്‍ ജനറല്‍ സായിദ് അല്‍തുവയ്യാന്‍ പറഞ്ഞു. ദുല്‍ഹജ് ഏഴു മുതല്‍ 13 അവസാനിക്കുന്നതു വരെയുള്ള സമയത്ത് പെര്‍മിറ്റില്ലാത്തവരെ ഹറമിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കടത്തിവിടില്ലെന്നും അദ്ദേഹം അറിയിച്ചു.