ഹജ്ജ് തീര്‍ത്ഥാടകരുടെ സുരക്ഷ: സൗദി അറേബ്യയുടെ നടപടികളെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
ജനീവ: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ട് സുരക്ഷ ഒരുക്കിയ സൗദി അറേബ്യയുടെ നടപടിയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന ചീഫ് തെദ്രോസ് ഗബ്രിയേസസ്. കൊവിഡ് പകര്‍ച്ചാ വ്യാധിയുടെ ഭീഷണിക്കിടെ ഹജ്ജ് കര്‍മങ്ങള്‍ക്കായി സംഗമിച്ച വിശ്വാസികള്‍ക്ക് സുരക്ഷ ഒരുക്കാനുള്ള സൗദിയുടെ പൊതുജനാരോഗ്യ പദ്ധതികളേയും നടപടികളേയും സ്വാഗതം ചെയ്യുന്നതായി തെദ്രോസ് ഗബ്രിയേസസ് ട്വീറ്റ് ചെയ്തു.
നൂതന സാങ്കേതിക വിദ്യായുടെ സഹായത്തോടെയുള്ള കൊവിഡ് പ്രതിരോധ നടപടികളാണ് സൗദി അറേബ്യന്‍ അധികൃതര്‍ സ്വീകരിച്ചത്. തീര്‍ത്ഥാടകരെ സഹായിക്കുന്നതിനും കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിനുമായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം ഇത്തവണ 'ഹജ്ജ് സ്മാര്‍ട്ട് കാര്‍ഡ്' ഇറക്കി. തീര്‍ത്ഥാടകരുടെ വ്യക്തിപരമായ വിവരങ്ങള്‍ക്ക് പുറമെ ആരോഗ്യ-റെസിഡന്‍ഷ്യല്‍ വിവരങ്ങളും സ്മാര്‍ട്ട് കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എല്ലാ തീര്‍ത്ഥാടകര്‍ക്കും സൗദി അധികൃതര്‍ 'സ്മാര്‍ട്ട് വളകളും' അനുവദിച്ചിട്ടുണ്ട്. തീര്‍ത്ഥാടകരുടെ ആരോഗ്യ സ്ഥിതിയും രക്തത്തിലെ ഓക്‌സിജന്‍ നിലയും ഹൃദയമിടിപ്പും നിരീക്ഷിക്കാന്‍ സഹായിക്കുന്നതാണ് സ്മാര്‍ട്ട് വളകള്‍. തീര്‍ത്ഥാകരുടെ വ്യക്തിപരമായ വിവരങ്ങളും ഉള്‍ക്കൊള്ളുന്നതാണ് സ്മാര്‍ട്ട് വളകള്‍.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇത്തവണ സൗദിയില്‍ താമസിക്കുന്ന 60000 വിശ്വാസികള്‍ക്ക് മാത്രമാണ് ഹജ്ജിന് അവസരം നല്‍കിയത്. 2019ല്‍ 2.5 ദശലക്ഷം തീര്‍ത്ഥാടകരാണ് ഹജ്ജ് കര്‍മങ്ങള്‍ക്കായി സൗദിയില്‍ എത്തിയത്.