എംപോക്‌സ് വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി

Update: 2024-09-14 10:42 GMT
എംപോക്‌സ് വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി

ജനീവ: ലോകത്തെ ആശങ്കയിലാഴ്ത്തുന്ന എംപോക്‌സ് എന്ന കുരുങ്ങുപനിക്ക് വാക്‌സിന് അനുമതി നല്‍കി ലോകാരോഗ്യസംഘടന. ആഫ്രിക്കയില്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എംപോക്‌സ് വ്യാപിക്കുന്നതിനിടെയാണ് നടപടി. ബവേറിയന്‍ നോര്‍ഡിക് കമ്പനി പുറത്തിറക്കിയ വാക്‌സിനാണ് അനുമതി നല്‍കിയത്. എംപോക്‌സിനെ പ്രതിരോധിക്കാനുള്ള ആദ്യഅംഗീകൃത വാക്‌സിനാണിതെന്നും ഇത് പ്രധാന ചുവടുവെപ്പാണെന്നും ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് പറഞ്ഞു. 18ഉം അതിന് മുകളിലും പ്രായമുള്ളവരിലാണ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. ഭാവിയില്‍ രോഗവ്യാപനം അനിയന്ത്രിതമായാല്‍ വയസ്സ് കുറഞ്ഞവരിലും ഉപയോഗിക്കാന്‍ അനുമതി നല്‍കും.

    രണ്ടുവര്‍ഷമായി എംപോക്‌സ് വ്യാപനമുണ്ടെങ്കിലും കുറച്ചു നാളുകളായാണ് തീവ്രവ്യാപനമുണ്ടാവുന്നത്. വെസ്റ്റ്, സെന്‍ട്രല്‍, ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് രൂക്ഷം. അമേരിക്കയിലും യൂറോപ്പിലും രോഗികളുടെ നിരക്ക് വര്‍ധിച്ചിട്ടുണ്ട്. നിലവിലെ വ്യാപനത്തിന് കാരണമായിട്ടുള്ള പുതിയ വകഭേദം അതിവേഗം പടരുന്നതായാണ് റിപോര്‍ട്ടുകള്‍.

Tags:    

Similar News