ലണ്ടനില്‍ പോളിയോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു

Update: 2022-06-23 01:47 GMT

ലണ്ടന്‍: മലിനജല സാമ്പിളുകളുടെ പരിശോധനയില്‍ പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തിയാതായി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. ടൈപ്പ് 2 വാക്‌സിന്‍ ഡെറൈവ്ഡ് പോളിയോ വൈറസ് ആണ് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് കൂടുതല്‍ വിശകലനം നടന്നുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയും ബ്രിട്ടീഷ് ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു. ആളുകളിലേക്ക് വൈറസ് ബാധ എത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പഠനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ കടുത്ത ജാഗ്രത തുടരണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോളിയോ വൈറസ് എല്ലായിടത്തും കുട്ടികള്‍ക്ക് ഭീഷണിയാണ്. പ്രധാനമായും 5 വയസ്സിന് താഴെയുള്ള കുട്ടികളെയാണ് വൈറസ് ബാധിക്കുക. ദശാബ്ദങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മാരകമായേക്കാവുന്നതുമായ വൈറല്‍ രോഗത്തെ ലോകത്ത് നിന്നും തുടച്ചുനീക്കിയത്.

1988ലാണ് 125 രാജ്യങ്ങളിലായി പോളിയോ പടര്‍ന്നുപിടിച്ചത്. അന്ന് ലോകമെമ്പാടും 350,000 കേസുകള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വാക്‌സിനേഷന്‍ ആരംഭിച്ചത് മുതല്‍ രോഗത്തെ 99 ശതമാനം പ്രതിരോധിക്കാന്‍ സാധിച്ചിരുന്നു. 1988ന് ശേഷം പോളിയോ വൈറസിന്റെ വകഭേദങ്ങള്‍ പാകിസ്താനിലും അഫ്ഗാനിസ്താനിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അവ അത്ര ഗുരുതരമായിരുന്നില്ല.

Tags:    

Similar News