കെ റെയില്‍ കോര്‍പറേറ്റ് ചങ്ങാത്തത്തിന്റെ അഴിമതിപ്പാതയെന്ന് ഹമീദ് വാണിയമ്പലം
മാള: കേരളത്തില്‍ പിണറായിയുടെ പാര്‍ട്ടി, കോര്‍പറേറ്റ് ചങ്ങാത്തത്തില്‍ അഴിമതിപ്പാതയിലാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച കെ റെയില്‍ പ്രക്ഷോഭ ജാഥയുടെ സമാപന സമ്മേളനം അന്നമനടയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ പാര്‍ട്ടി കോര്‍പ്പറേറ്റ് കമ്പനിയായി രൂപപ്പെടുകയാണ്. പദ്ധതി പൗരപ്രമുഖരുമായി ചര്‍ച്ച ചെയ്യുകയുള്ളൂ എന്ന നിലപാടിലാണ് പിണറായി.
ജനാധിപത്യത്തില്‍ പൗരപ്രമുഖരും സാധാരണക്കാരും എന്ന തരംതിരിവ് ഇല്ല. ഈ പൗരപ്രമുഖര്‍ ആരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു തരണം. എങ്ങനെയാണ് ഉന്നതരെന്നും അല്ലാത്തവരെന്നും വിഭജിച്ചിരിക്കുന്നത്. മുതലാളിത്ത പാര്‍ട്ടിയായി സിപിഎം മാറുകയാണ്. മുതലാളിത്വത്തിനെതിരെ പൊരുതിയവര്‍ മുതലാളിത്ത സംസ്‌കാരത്തെ പിന്‍തുടരുന്നു. മുഖ്യമന്ത്രി ജന്മികളെ സൃഷ്ടിക്കുന്നു. പാര്‍ട്ടിക്കു വന്‍കിടക്കാരുടെ പണം ആവശ്യമുണ്ട്. സിപിഎം കോര്‍പറേറ്റ് കമ്പനിയായി രൂപപ്പെട്ടു. സിപിഎമ്മിന് 50 വര്‍ഷം പ്രവര്‍ത്തിക്കാന്‍ ഫണ്ട് കിട്ടുന്ന പദ്ധതിയാണിത്. പദ്ധതിയെ കുറിച്ച് മുഖ്യമന്ത്രി ജനങ്ങളുമായി സംസാരിക്കുന്നില്ല. നിയമസഭയിലും വിശദീകരണമില്ല. ഗതാഗതവകുപ്പുമായി ആലോചനയില്ല. കേരളത്തില്‍ പാരിസ്ഥിതിക പഠനം നടത്തിയാല്‍ എന്താണ് ഉണ്ടാവുക. പതിനായിരക്കണക്കിന് പേര്‍ക്ക് കിടപ്പാടം ഇല്ലാതാവും. എതിര്‍ക്കുന്നവരുടെ മേല്‍ വര്‍ഗീയതയും വിഭാഗീയതയും സൃഷ്ടിക്കുകയാണ് പിണറായി ചെയ്യുന്നത്- പധതിയുടെ എന്ത് റിപോര്‍ട്ടാണ് മുഖ്യമന്ത്രിയുടെ കയ്യിലുള്ളതെന്ന് അദ്ദേഹം വിശദീകരിക്കണമെന്നും വാണിയമ്പലം ആവശ്യപ്പെട്ടു.
ജില്ലാ ജനറല്‍ സെക്രട്ടറി സി എ ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. സമരസമിതി നേതാവ് ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. ജാഥാക്യാപ്റ്റന്‍ ജില്ലാ പ്രസിഡന്റ് എം കെ അസ്‌ലം, നേതാക്കളായ പ്രേമാജി പിഷാരടി, ഇ എ അബ്ദുല്‍ റഷീദ്, ടി എം കുഞ്ഞിപ്പ, ഹംസ എളനാട്, റഫീഖ് കാതികോട്, അശ്‌വാക് അഹമ്മദ്, ടി കെ അബ്ദു സലാം മാസ്റ്റര്‍, കെ എസ് നവാസ് തുടങ്ങിയവര്‍ സംസാരിച്ചു.
കെ കെ ഷാജഹാന്‍ സ്വാഗതവും സത്താര്‍ അന്നമനട നന്ദിയും പറഞ്ഞു. ജില്ലയുടെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെ രണ്ട് ദിനങ്ങളിലായി നടത്തിയ പ്രക്ഷോഭ ജാഥ പ്രധാന കേന്ദ്രങ്ങളില്‍ ജനങ്ങളുമായി സംവദിച്ചു. അന്നമനട തെക്കുംമുറിയില്‍ നിന്ന് നൂറ് കണക്കിന് പേര്‍ അണിനിരന്ന പ്രകടനം ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റിന് സമീപമുള്ള വേദിക്കരികെ സമാപിച്ചു. പ്രകടനത്തിന് ജാഥാ ക്യാപ്റ്റന്‍ എം കെ അസ്‌ലം, വൈസ് പ്രസിഡന്റ് ഇ എ റഷീദ്, ടി കെ സലാം മാസ്റ്റര്‍, ശരീഫ്, കെ എസ് നവാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.