മകനേയും കുടുംബത്തേയും തീവച്ച് കൊലപ്പെടുത്തിയ കേസ്;ഹമീദിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് നല്‍കും

തെളിവുകളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്

Update: 2022-03-23 04:27 GMT

ഇടുക്കി:ചീനികുഴിയില്‍ മകനേയും കുടുംബത്തേയും തീവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഹമീദിനെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് പോലിസ് ഇന്ന് അപേക്ഷ നല്‍കും.പ്രതിക്കെതിരെ ശക്തമായ തെളിവുകള്‍ അന്വേഷണത്തില്‍ ലഭിച്ചിട്ടുണ്ട്.ഈ തെളിവുകളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്.

മകനേയും കുടുംബത്തേയും തീവച്ച് കൊലപ്പെടുത്തിയത് താനാണെന്ന് പ്രതി പോലിസിന് മൊഴി നല്‍കിയിരുന്നു.തീവെക്കാനായി ഉപയോഗിച്ച പെട്രോള്‍ താന്‍ മോഷ്ടിച്ചതാണെന്ന് പോലിസിനെ അറിയിച്ചു.ഈ വിവരങ്ങളെല്ലാം ഉറപ്പുവരുത്താന്‍ വീണ്ടും തെളിവെടുപ്പ് നടത്തും.

ശനിയാഴ്ച പുലര്‍ച്ചെയാണ് മകന്‍ മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, പേരക്കുട്ടികളായ മെഹ്‌റ, അസ്‌ന എന്നിവരെ വീടിന് തീവച്ച് കൊലപ്പെടുത്തിയത്. സ്വത്ത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൂട്ടക്കൊല.രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച ശേഷമായിരുന്നു കൃത്യം നടത്തിയത്. തീ പിടുത്തം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ വെള്ളമൊഴിച്ച് കെടുത്താതിരിക്കാന്‍ വീട്ടിലേയും അയല്‍ വീട്ടിലേയും ടാങ്കുകളിലെ വെള്ളം ഹമീദ് നേരത്തെ തന്നെ ഒഴുക്കിവിട്ടിരുന്നു. മോട്ടര്‍ അടിച്ച് വെള്ളം ലഭ്യമാകാതിരിക്കാന്‍ വൈദ്യുതിയും വിച്ഛേദിച്ചു. വീടിന്റെ വാതിലുകളെല്ലാം പുറത്ത് നിന്ന് പൂട്ടി. ശേഷം ജനലിലൂടെ പെട്രോള്‍ അകത്തേക്ക് എറിഞ്ഞ് തീ വയ്ക്കുകയായിരുന്നു.


Tags:    

Similar News