ബിജെപി നേതാവിനെതിരേ മഹിളാ മോർച്ച ഭാരവാഹിയുടെ പീഡന പരാതി

Update: 2024-08-07 08:24 GMT

ആഗ്ര: ബിജെപി നേതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി മഹിളാ മോർച്ച ഭാരവാഹി രംഗത്ത്. ആഗ്രയിലെ ബൽകേശ്വർ ഡിവിഷനിലെ ബിജെപി പ്രസിഡന്റ് ഗിരിരാജ് ബൻസാലിനെതിരേയാണ് തന്നെ പീഡിപ്പിച്ചെന്നും ഭയപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി മഹിളാ മോർച്ച നേതാവ് കേസ് കൊടുത്തത്. പദവിയിൽ നിന്ന് രാജിവച്ച ബൻസാൽ താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ടു.

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും പോലിസ് പറഞ്ഞു.

ഏപ്രിൽ 29ന് ബൽകേശ്വറിലെ ബിജെപി ഓഫിസിൽ ചേർന്ന തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു സംഭവമെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടി.

"എൻ്റെ വീട് പാർട്ടി ഓഫിസിന് അടുത്തു തന്നെയാണ്. മീറ്റിങിൽ പങ്കെടുത്തവർക്ക് ചായ ഉണ്ടാക്കി നൽകാനായി ഞാൻ വീട്ടിലേക്കു പോയി. ബൻസാൽ എന്നെ പിന്തുടരുകയും വീട്ടിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഞാൻ തനിച്ചായിരുന്നു. ഞാൻ അയാളെ തള്ളിമാറ്റി ഒരു വടി കൈയിലെടുത്തു ഭയപ്പെടുത്തി. എന്നെ അസഭ്യം പറഞ്ഞും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും അയാൾ വീട് വിട്ടുപോയി".

"പാർട്ടിയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കേണ്ടെന്നു കരുതി കുറേ ദിവസത്തേക്ക് ഞാൻ ആരോടും ഒന്നും പറഞ്ഞില്ല. ഇത്തരമൊരു നേതാവ് പാർട്ടിയിൽ തുടർന്നാൽ മറ്റ് വനിതാ അംഗങ്ങളും പീഡനത്തിന് ഇരകളാവുമെന്ന് തിരിച്ചറിഞ്ഞതിനാലാണ് കേസ്

നൽകിയത് " - യുവതി പറഞ്ഞു.

തുടക്കത്തിൽ ഒരു മുതിർന്ന നേതാവ് കേസ് എടുക്കാതിരിക്കാൻ പോലിസിൽ സമ്മർദ്ദം ചെലുത്തിയതായും മറ്റു ചില നേതാക്കൾ ഒത്തുതീർപ്പിന് ശ്രമിച്ചതായും യുവതി ആരോപിക്കുന്നു. ബൻസാൽ തന്നോട് മാപ്പ് പറഞ്ഞെങ്കിലും സംഭവം ഒതുക്കിത്തീർക്കരുതെന്നാണ് താൻ തീരുമാനിച്ചതെന്നും യുവതി പറഞ്ഞു. പാർട്ടി പദവിയിൽ നിന്ന് രാജിവച്ചിട്ടുണ്ടെങ്കിലും പാർട്ടി അയാളെ സസ്പെൻഡ് ചെയ്യണമെന്നും പോലിസ് നടപടി വേണമെന്നുമാണ് തൻ്റെ ആവശ്യമെന്നും യുവതി കൂട്ടിച്ചേർത്തു.

"നിരവധി വകുപ്പുകൾ ചേർത്ത് ഞങ്ങൾ കേസെടുത്തിട്ടുണ്ട്. തെളിവുകൾ ശേഖരിച്ചു വരുകയാണ്. അന്വേഷണം പൂർത്തിയായാൽ പ്രതിക്കെതിരേ നടപടി സ്വീകരിക്കും" - ചട്ടയിലെ പോലിസ് അഡീഷണൽ കമ്മീഷണർ ഹേമന്ത് കുമാർ വ്യക്തമാക്കി.

ബൻസാലിൻ്റ രാജി പാർട്ടി സ്വീകരിച്ചതായി ബിജെപിയുടെ ആഗ്ര മഹാനഗരം പ്രസിഡൻ്റ് ഭാനു മഹാജൻ വെളിപ്പെടുത്തി.

Tags:    

Similar News