ഹാര്‍ദ്ദിക്ക് പാണ്ഡ്യ ലോകകപ്പില്‍ നിന്ന് പുറത്ത്; പ്രസിദ്ധ് കൃഷ്ണ ടീമില്‍

കളിച്ച ഏഴ് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ സെമിഫൈനലിലേക്കെത്തിയത്.

Update: 2023-11-04 06:02 GMT

മുംബൈ: ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തില്‍ പരിക്കേറ്റ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍നിന്ന് പുറത്ത്. ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയായിരിക്കും ഇനി ഹാര്‍ദിക്കിന്റെ പകരക്കാരന്‍. ഒക്ടോബര്‍ 19ന് ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ ഹാര്‍ദിക്കിന് കാലിന് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ന്യുസിലന്‍ഡിനും ഇംഗ്ലണ്ടിനും ശ്രീലങ്കക്കുമെതിരെ നടന്ന ലോകകപ്പ് മത്സരങ്ങളില്‍ ഹാര്‍ദിക് കളിച്ചിരുന്നില്ല. സെമി ഫൈനലിന് ഒരുങ്ങുന്ന ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ് ഹാര്‍ദിക്കിന്റെ അഭാവം. സെമി ഫൈനലിന് മുമ്പായി ഹാര്‍ദിക് കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു ബിസിസിഐയുടെ പ്രതീക്ഷ.

ഇന്ത്യക്കായി 19 ഏകദിന മത്സരങ്ങളില്‍ പ്രസിദ്ധ് കൃഷ്ണ കളിച്ചിട്ടുണ്ട്. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയക്കെതിരെ നടന്ന ഏകദിന പരമ്പരയില്‍ ഡേവിഡ് വാര്‍ണറിന്റെ വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇതുവരെ 33 വിക്കറ്റുകള്‍ പ്രസിദ്ധ് നേടിയിട്ടുണ്ട്. ഞായറാഴ്ച ദക്ഷിണാഫ്രിക്കയോടാണ് ഇന്ത്യയുടെ അടുത്ത ലോകകപ്പ് മത്സരം. സെമി ബെര്‍ത്ത് ഉറപ്പിച്ചതിനാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ മത്സരഫലം നിര്‍ണായകമല്ല. കളിച്ച ഏഴ് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ സെമിഫൈനലിലേക്കെത്തിയത്.




Tags:    

Similar News