വിവാദങ്ങള്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കി ഹാര്‍ദിക്ക് പാണ്ഡ്യ
ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായ പരാമര്‍ശത്തെ തുടര്‍ന്ന് ആജീവനാന്ത വിലക്കിന്റെ വക്കില്‍നിന്നും രക്ഷപ്പെട്ട ഹാര്‍ദിക്കാണ് ഇന്നത്തെ മല്‍സരത്തിലെ ഇന്ത്യയുടെ മാച്ച് വിന്നര്‍. വിവാദം ആഘോഷിച്ച മാധ്യമങ്ങള്‍ക്കും തന്റെ ആരാധകര്‍ക്കും വില്ലിങ്ടണിലെ ഗ്രൗണ്ടില്‍ പാണ്ഡ്യ ഇന്ന് ഉഗ്രന്‍ വിരുന്നാണ് ഒരുക്കിയത്.
വില്ലിങ്ടണ്‍: സ്ത്രീവിരുദ്ധ പരാമര്‍ശത്തെതുടര്‍ന്ന് വിവാദങ്ങള്‍ക്കും വിലക്കിനും അടിമപ്പെട്ട ഇന്ത്യന്‍ ബൗളര്‍ ഹാര്‍ദദ്ദിക്ക് പാണ്ഡ്യ ന്യൂസിലന്റിനെതിരായ അവസാന ഏകദിനത്തില്‍ ഏവര്‍ക്കും ബാറ്റുകൊണ്ട് മറുപടി നല്‍കി. ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായ പരാമര്‍ശത്തെ തുടര്‍ന്ന് ആജീവനാന്ത വിലക്കിന്റെ വക്കില്‍നിന്നും രക്ഷപ്പെട്ട ഹാര്‍ദിക്കാണ് ഇന്നത്തെ മല്‍സരത്തിലെ ഇന്ത്യയുടെ മാച്ച് വിന്നര്‍. വിവാദം ആഘോഷിച്ച മാധ്യമങ്ങള്‍ക്കും തന്റെ ആരാധകര്‍ക്കും വില്ലിങ്ടണിലെ ഗ്രൗണ്ടില്‍ പാണ്ഡ്യ ഇന്ന് ഉഗ്രന്‍ വിരുന്നാണ് ഒരുക്കിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ മുന്നേറ്റ നിര തകര്‍ന്ന് ഒരുവശത്ത് സ്‌കോര്‍ 200ന് മുകളിലേക്ക് കടക്കില്ലെന്ന സന്ദര്‍ഭത്തിലാണ് പാണ്ഡ്യയുടെ വരവ്. എന്നാല്‍, ഏവരെയും ഞെട്ടിച്ചുകൊണ്ട് വെടിക്കെട്ട് ബാറ്റിങാണ് പാണ്ഡ്യ പുറത്തെടുത്തത്. 22 പന്തില്‍നിന്നാണ് താരം 45 റണ്‍സെടുത്തത്. അഞ്ചു സിക്‌സും രണ്ട് ഫോറും അടങ്ങുന്നതാണ് പാണ്ഡ്യയുടെ ഇന്നിങ്‌സ്. ഹാട്രിക് സിക്‌സും പാണ്ഡ്യയുടെ ഇന്നിങ്‌സിലെ എടുത്തു പറയത്തക്ക നേട്ടമാണ്. ഇന്ത്യന്‍ സ്‌കോര്‍ 250 കടക്കാന്‍ പാണ്ഡ്യയുടെ ഇന്നിങ്‌സാണ് കാരണമായത്. മറുപടി ബാറ്റിങില്‍ ന്യൂസിലന്റിന്റെ പ്രധാനപ്പെട്ട രണ്ട് വിക്കറ്റുകള്‍ പിഴതെടുക്കാനും ഫീല്‍ഡിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും വിവാദതാരത്തിനായി. ഇന്ത്യ തോറ്റ നാലാം ഏകദിനത്തിലും പാണ്ഡ്യ 20 പന്തില്‍ നിന്ന് 16 റണ്‍സെടുത്തിരുന്നു. മികച്ച സ്‌ട്രൈക്ക് റേറ്റിങിന് ഉടമയാണ് പാണ്ഡ്യ. മല്‍സരശേഷം പാണ്ഡ്യയെ മാച്ച് വിന്നര്‍ എന്നാണ് മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി പറഞ്ഞത്.
പാണ്ഡ്യ ഓള്‍ റൗണ്ടര്‍ ആണ്. മല്‍സരം വിജയിപ്പിക്കാനുള്ള പ്രത്യേക കഴിവ് പാണ്ഡ്യയ്ക്കുണ്ട്. വിവാദങ്ങളെ ചൊല്ലി മാറ്റി നിര്‍ത്തേണ്ട താരമല്ല പാണ്ഡ്യയെന്നും ശാസ്ത്രി പറഞ്ഞു. കോഹ്‌ലിയും പാണ്ഡ്യയെ പ്രശംസിച്ചു. വിവാദത്തെ തുടര്‍ന്ന് ആസ്‌ത്രേലിയന്‍ പര്യടനത്തില്‍നിന്നും പാണ്ഡ്യയെയും രാഹുലിനെയും ഇന്ത്യയിലേക്ക് ബിസിസിഐ തിരിച്ചുവിളിച്ചിരുന്നു. ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുകയും രണ്ട് മല്‍സരങ്ങളില്‍നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഇരുവരും കുറ്റമേല്‍ക്കുകയും ബിസിസിഐയ്ക്ക് മുമ്പാകെ മാപ്പ് അപേക്ഷിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന ഇരുവരുടെയും കേസ് ബിസിസിഐ അന്വേഷണകമ്മിറ്റിക്ക് വിട്ടിരുന്നു. എന്നാല്‍, കമ്മിറ്റി ഇരുവര്‍ക്കും മാപ്പ് നല്‍കുകയും വിലക്ക് നീക്കുകയുമായിരുന്നു. തുടര്‍ന്ന് ടീം സെലക്ടര്‍മാരാണ് പാണ്ഡ്യയെ ന്യൂസിലന്റ് പര്യടനത്തിലേക്ക് വിളിച്ചത്. രാഹുല്‍ ഇന്ത്യ എ ടീമിലും തിരിച്ചെത്തി. ന്യൂസിലന്റ് പര്യടനത്തിലെ അവസാന രണ്ടു മല്‍സരത്തിലാണ് പാണ്ഡ്യയെ ഉള്‍പ്പെടുത്തിയത്.
ടീമില്‍ സ്ഥാനം ലഭിച്ച പാണ്ഡ്യ അവസരത്തിനൊത്ത് ഫോമിലേക്കുയരുകയും ടീമിന്റെ വിജയത്തില്‍ പ്രധാനപങ്കുവഹിക്കുകയും ചെയ്തു. പാണ്ഡ്യയെ ടീമില്‍ തിരിച്ചെടുക്കണമെന്ന് ശിഖര്‍ ധവാനും മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും ആവശ്യപ്പെട്ടിരുന്നു. കോഫി വിത്ത് കരണ്‍ എന്ന ടിവി പരിപാടിക്കിടെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് ഇരുവരും വിലക്ക് നേരിട്ടത്. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ പരിപാടിക്കിടെയാണ് താരങ്ങള്‍ സ്ത്രീകളെ മോശമാക്കി ചിത്രീകരിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്. പാണ്ഡ്യയുടെ മുന്‍ കാമുകിയും പരാമര്‍ശത്തിനെതിരേ രംഗത്തുവന്നിരുന്നു.