ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് മൂന്നുഘട്ടം; ഹരിയാനയില്‍ ഒറ്റഘട്ടം, വോട്ടെണ്ണല്‍ ഒക്ടോബര്‍ നാലിന്‌

Update: 2024-08-16 14:32 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സപ്തംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് തിയ്യതികളില്‍ മൂന്ന് ഘട്ടമായും ഹരിയാനയില്‍ ഒക്‌ടോബര്‍ ഒന്ന് ഒറ്റഘട്ടമായും വോട്ടെടുപ്പ് നടക്കും. ഇരു സംസ്ഥാനങ്ങളുടേയും വോട്ടെണ്ണല്‍ ഒക്ടോബര്‍ നാലിന് നടക്കും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് പ്രഖ്യാപിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് 2019ല്‍ കേന്ദ്രഭരണ പ്രദേശമായി വിഭജിച്ച ശേഷം ജമ്മു കശ്മീര്‍ ആദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. 2014ല്‍ 87 സീറ്റുകളിലാണ് കശ്മീരില്‍ വോട്ടെടുപ്പ് നടന്നത്. അന്ന് മുഫ്തി മുഹമ്മദ് സഈദിന്റെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പിഡിപി) 28 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപി 25 സീറ്റുകള്‍ നേടി. അന്ന് നാഷനല്‍ കോണ്‍ഫറന്‍സിന്(എന്‍സി) 15 സീറ്റുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 12 സീറ്റുകളാണ് ലഭിച്ചത്. 2015ല്‍ സഈദിനു കീഴില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിഡിപിയും ബിജെപിയും കൈകോര്‍ത്തിരുന്നു. സഈദിന്റെ മരണശേഷം മകള്‍ മെഹബൂബ മുഫ്തി മുഖ്യമന്ത്രിയായെങ്കിലും 2018ല്‍ ബിജെപി പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ വീണു. ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിടുകയും മുന്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന് കീഴിലാവുകയും ചെയ്തു. 2019ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സുപ്രിംകോടതി സപ്തംബര്‍ 30നു മുമ്പ് തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് ഉത്തരവിട്ടിരുന്നു.

    അതേസമയം, ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഒക്‌ടോബര്‍ ഒന്നിന് ഒറ്റഘട്ടമായി നടക്കും. വോട്ടെണ്ണല്‍ ഒക്ടോബര്‍ നാലിന് നടക്കും. ഭൂപീന്ദര്‍ സിങ് ഹൂഡയ്ക്കു കീഴിലുള്ള ഒരു ദശാബ്ദക്കാലത്തെ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ച് 2014ല്‍ സംസ്ഥാനം ബിജെപി വിജയിച്ചു. 2019ലെ തിരഞ്ഞെടുപ്പില്‍ ജനനായക് ജനതാ പാര്‍ട്ടി(ജെജെപി)യുമായി സഖ്യമുണ്ടാക്കി ബിജെപി വീണ്ടും അധികാരത്തിലെത്തി. മനോഹര്‍ ലാല്‍ ഖട്ടര്‍ രണ്ടാം തവണയും മുഖ്യമന്ത്രിയായി. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ഖട്ടര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും നയാബ് സിങ് സൈനി മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു. ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയുമായുള്ള സഖ്യവും ബിജെപി അവസാനിപ്പിച്ചു.

Tags:    

Similar News