ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ടിടങ്ങളിലായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സായുധനും ഒരു പോലിസുകാരനും കൊല്ലപ്പെട്ടു. ഷോപിയാന്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സൈന്യം ലഷ്‌കറെ ത്വയ്യിബ പ്രവര്‍ത്തകനെ വധിച്ചതെന്ന് ജമ്മു കശ്മീര്‍ പോലിസ് അറിയിച്ചു. നൗപോര സ്വദേശി നസീര്‍ അഹ്മദ് ഭട്ട് ആണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ സായുധാക്രമണത്തിലാണ് ജമ്മു കശ്മീര്‍ പോലിസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും സിആര്‍പിഎഫ് ജവാന് പരിക്കേല്‍ക്കുകയും ചെയ്തത്.
ജമ്മു കശ്മീരിലെ ഷോപ്പിയാനിലെ ബസ്‌കുചാന്‍ ഇമാംസാഹിബ് മേഖലയില്‍ സായുധര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ച സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെയുണ്ടായ വെടിവയ്പ്പിലാണ് ഭട്ട് കൊല്ലപ്പെട്ടത്. മറ്റ് രണ്ടുപേരെ കുടുക്കുകയും ചെയ്തു. നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട ഭട്ട് എന്ന് ജമ്മു കശ്മീര്‍ എഡിജിപി വിനയ് കുമാര്‍ അറിയിച്ചു. വെടിവയ്പ്പിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എകെ 47 തോക്ക്, ആയുധങ്ങള്‍, തീവ്രസ്വഭാവമുള്ള ലഘുലേഖകള്‍ എന്നിവ കണ്ടെത്തിയതായും ഇദ്ദേഹം അറിയിച്ചു. അടുത്തിടെ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ ഇയാള്‍ രക്ഷപ്പെട്ടിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനത്തിന് മുന്നോടിയായി താഴ്‌വരയില്‍ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. ഞായറാഴ്ച ഉച്ചയോടെ പിങ്‌ലാന ഗ്രാമത്തില്‍ പുല്‍വാമയിലെ ചെക്‌പോസ്റ്റില്‍സായുധര്‍ പോലിസുകാര്‍ക്ക് നേരേ ആക്രമണം നടത്തിയത്. മേഖലയിലെ പോലിസിന്റെയും സിആര്‍പിഎഫിന്റെയും സംയുക്ത ചെക്ക് പോസ്റ്റിനുനേരേ ഒളിഞ്ഞിരുന്ന സായുധര്‍ നിറയൊഴിക്കുകയായിരുന്നു. സ്ഥലത്ത് സായുധര്‍ക്കായി കൂടുതല്‍ സുരക്ഷാസേന തെരച്ചില്‍ തുടങ്ങി.