'ഇതൊരു ഏറ്റുമുട്ടലല്ല': ബദ്ലാപൂര്‍ ലൈംഗികാതിക്രമക്കേസ് പ്രതിയുടെ കൊലപാതകത്തില്‍ ഹൈക്കോടതി

Update: 2024-09-25 10:08 GMT

മുംബൈ: മഹാരാഷ്ട്രായടിലെ ബദ്ലാപൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലെ പ്രതിയെ പോലിസ് വെടിവച്ചുകൊന്നതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഇതിനെ ഏറ്റുമുട്ടലായി വിശേഷിപ്പിക്കാനാവില്ലെന്നും ഇത് ഏറ്റുമുട്ടലല്ലെന്നും ബോംബെ ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഏറ്റുമുട്ടലില്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട അക്ഷയ് ഷിന്‍ഡെയുടെ പിതാവ് നല്‍കിയ ഹരജി ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെയും പൃഥ്വിരാജ് ചവാനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുകയായിരുന്നു. ഷിന്‍ഡെ ഒരു പോലിസുകാരന്റെ ആയുധം തട്ടിയെടുത്തെന്ന പോലിസ് വാദം കോടതി ചോദ്യം ചെയ്തു. തോക്ക് സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയ പോലിസുകാരെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതിയെ കാല്‍മുട്ടിന് താഴെയാണ് വെടിവയ്‌ക്കേണ്ടത്. വെടിവയ്പില്‍ പരിശീലനം ലഭിച്ച പോലിസിന് പ്രതികളെ കീഴടക്കാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ എങ്ങനെ വിശ്വസിക്കും. പോലീസുകാര്‍ക്ക് ഷിന്‍ഡെയെ കീഴടക്കാമായിരുന്നു. അതിനാല്‍ ഇത് ഏറ്റുമുട്ടലാണെന്ന പോലിസിന്റെ അവകാശവാദം സംശയാസ്പദമായി തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഷിന്‍ഡെ മുമ്പ് തോക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.

    ആഗസ്തില്‍ ബദ്ലാപൂരിലെ ഒരു സ്‌കൂളില്‍ രണ്ട് കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ഥിനികളെ അക്ഷയ് ഷിന്‍ഡെ എന്ന 23 കാരന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ഇയാളെ പിന്നീട് പോലിസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സപ്തംബര്‍ 23ന് ഭാര്യ രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമ കേസില്‍ തലോജ ജയിലില്‍ നിന്ന് ഷിന്‍ഡെയെ വീണ്ടും കസ്റ്റഡിയിലെടുത്തു. താനെയിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് കോണ്‍സ്റ്റബിളിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഒരു കോണ്‍സ്റ്റബിളിന്റെ തോക്ക് തട്ടിയെടുത്തെന്നും വെടിയുതിര്‍ത്തപ്പോള്‍ തിരിച്ച് വെടിവച്ചെന്നുമാണ് പോലിസ് വാഗം. കേസന്വേഷണം സിഐഡിക്ക് കൈമാറി.

    ഇന്ന് വാദം കേള്‍ക്കുന്നതിനിടെ, പോലിസുകാര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും വിഷയവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കണമെന്നും ഷിന്‍ഡെയുടെ പിതാവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. 'വ്യാജ ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചാല്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യണമെന്ന് നിര്‍ബന്ധമാണ്. ഏറ്റുമുട്ടലിന് ഒരു ദിവസം മുമ്പ് പ്രതി മാതാപിതാക്കളെ കണ്ടിരുന്നു. പോലിസ് ആരോപിക്കുന്ന അത്തരം പ്രവൃത്തി ചെയ്തതിന്റെ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അദ്ദേഹം തന്റെ ജാമ്യം സംബന്ധിച്ച വിശദാംശങ്ങള്‍ തേടുകയും അവശ്യവസ്തുക്കള്‍ക്കുള്ള പണം പോലും കൈപ്പറ്റുകയും ചെയ്തതായും അഭിഭാഷകന്‍ പറഞ്ഞു.

    ഏറ്റുമുട്ടലിന് ശേഷം സ്വീകരിച്ച നടപടികളെക്കുറിച്ച് കോടതി പോലിസിനോട് നിരവധി ചോദ്യങ്ങളുന്നയിച്ചു. 'സംഭവത്തിന്റെ ദൃശ്യത്തില്‍ കൃത്രിമം തടയാന്‍ സീല്‍ ചെയ്തിരുന്നോ. ആയുധം പിസ്റ്റളാണോ റിവോള്‍വറാണോ. ഇക്കാര്യത്തില്‍ പോലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്ന. അന്വേഷണം നിഷ്പക്ഷമായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്തെങ്കിലും കണ്ടാല്‍. ഒരു ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി. ഷിന്‍ഡെ ബാരക്കില്‍ നിന്ന് പുറത്തുകടക്കുകയും തുടര്‍ന്ന് വാനിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കണം.

    അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തെ സന്ദര്‍ശിച്ച ദിവസത്തെ സിസിടിവി ദൃശ്യങ്ങളും സംരക്ഷിക്കപ്പെടണമെന്നും കോടതി അറിയിച്ചു. ഇതുവരെ നടത്തിയ അന്വേഷണത്തിലെ പഴുതുകള്‍ ചൂണ്ടിക്കാട്ടി അന്വേഷണം സിഐഡിക്ക് കൈമാറുന്നതില്‍ കാലതാമസം വരുത്തിയ പോലിസിനെയും കോടതി കുറ്റപ്പെടുത്തി. 'ഏത് അന്വേഷണത്തിലും സമയമാണ് പ്രധാനം. കാലതാമസം പൊതുജനങ്ങളില്‍ സംശയത്തിന് ഇടയാക്കും. ഇന്നലെ പേപ്പറുകള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് നിങ്ങളെ തടഞ്ഞത് എന്താണ്. ഇപ്പോള്‍ ഉച്ചയ്ക്ക് 1:30 കഴിഞ്ഞു. നിങ്ങള്‍ എപ്പോഴാണ് എല്ലാം ശേഖരിക്കാന്‍ പോവുന്നത്. ഞങ്ങള്‍ അത് രേഖപ്പെടുത്തും. ഇന്ന് തന്നെ അത് ചെയ്യും. സപ്തംബര്‍ 23, 24 തിയ്യതികളിലെ നാല് ഓഫിസര്‍മാരുടെയും ഷിന്‍ഡെയുടെയും അഞ്ച് പേരുടെയും കോള്‍ ഡാറ്റാ റെക്കോഡുകള്‍ ശേഖരിക്കണം. പോലിസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഞങ്ങള്‍ക്ക് നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കോടതി ഉത്തരവിട്ടു. ഒക്ടോബര്‍ മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.

Tags:    

Similar News