'നിങ്ങളുടെ മുടി കൈകാര്യം ചെയ്യാന്‍ ഒരു ജെസിബി ഉപയോഗിക്കേണ്ടി വരും' എന്ന പരാമര്‍ശം ലൈംഗിക പീഡനമല്ല: ബോംബെ ഹൈക്കോടതി

മുംബൈ: 'നിങ്ങളുടെ മുടി ചീകാന്‍ നിങ്ങള്‍ ജെസിബി ഉപയോഗിക്കണം' എന്ന പരാമര്‍ശത്തിന്റെ പേരില്‍ ഒരാള്‍ക്കെതിരേ ലൈംഗിക പീഡനത്തിനു കേസെടുക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. സഹപ്രവര്‍ത്തകനെതിരേ യുവതി നല്‍കിയ പരാതിയിലാണ് നടപടി.
2022 ജൂണ്‍ 11 നാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. എച്ച്ഡിഎഫ്‌സി ബാങ്കിലെ ജീവനക്കാരിയാണ് പരാതിക്കാരി. അവര്‍ ഇടയ്ക്കിടെ മുടി ശരിയാക്കുന്നതു കണ്ട സഹപ്രവര്‍ത്തകന്‍ പരാതിക്കാരിയോട് 'നിങ്ങളുടെ മുടി കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ ഒരു ജെസിബി ഉപയോഗിക്കേണ്ടി വരും എന്ന് പറയുകയായിരുന്നു. തുടര്‍ന്ന് 'യേ രശ്മി സുല്‍ഫെ' എന്ന ഗാനത്തിന്റെ ഏതാനും വരികള്‍ പാടുകയും ചെയ്തു. എന്നാല്‍ ഇതില്‍ അസ്വസ്ഥയായ യുവതി അയാള്‍ക്കെതിരേ പരാതി നല്‍കുകയായിരുന്നു.
'നിങ്ങളുടെ മുടി ചീകാന്‍ നിങ്ങള്‍ ജെസിബി ഉപയോഗിക്കണം' എന്ന് ഒരു വനിതാ സഹപ്രവര്‍ത്തകയോട് പറയുന്നതും അവരുടെ മുടിയുമായി ബന്ധപ്പെട്ട ഒരു ഗാനം ആലപിക്കുന്നതും 2013 ലെ ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡനം (തടയല്‍, നിരോധനം, പരിഹാരം) നിയമങ്ങള്‍ പ്രകാരം ലൈംഗിക പീഡനമല്ലെന്ന് കോടതി പറഞ്ഞു.
പരാതിക്കാരിക്കെതിരെ ഹരജിക്കാരന്‍ നടത്തിയതായി പറയപ്പെടുന്ന അഭിപ്രായത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍, പരാതിക്കാരിക്ക് ലൈംഗിക പീഡനം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് ചെയ്തതെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും കോടതി പറഞ്ഞു.