രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ബോംബെ ഹൈക്കോടതിയുടെ ജാമ്യം
മുംബൈ: പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകരായ രണ്ടുപേര്‍ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. നിശ്ചിത സയമത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഅ്മിന്‍ മുഹ് യുദ്ദീന്‍ ഗുലാം ഹസന്‍, ആസിഫ് അമീനുല്‍ ഹുസയ്ന്‍ ഖാന്‍ എന്നിവര്‍ക്ക് ജാമ്യം നല്‍കിയത്. ജസ്റ്റിസ് രേവതി മൊഹിതെ, ജസ്റ്റി ഗൗരി ഗോഡ്സെ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. ബിജെപി നിയന്ത്രണത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ട് നിരോധനിച്ചതിനോടനുബന്ധിച്ച് 2022 സപ്തംബര്‍ 22നാണ് ഇരുവരെയും മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. 90 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇരുവരും നല്‍കിയ അപ്പീലിലാണ് ജാമ്യം അനുവദിച്ചത്. ഇരുവരില്‍നിന്നും പിടിച്ചെടുത്തെന്ന് ആരോപിക്കപ്പെട്ട ഉപകരണങ്ങളില്‍ നിന്ന് ഡാറ്റകള്‍ വീണ്ടെടുക്കാന്‍ എടിഎസ് സമയം നീട്ടി ചോദിച്ചിരുന്നു. തുടര്‍ന്ന് പ്രത്യേക കോടതി തുടര്‍ന്ന് ഒരുമാസം കൂടി കൂടുതല്‍ അനുവദിച്ചു. ആവശ്യമായ പ്രോസിക്യൂഷന്‍ അനുമതി ലഭിക്കാത്തതിനാല്‍ വീണ്ടും 15 ദിവസം കൂടി നീട്ടിനല്‍കി. ഈ പശ്ചാത്തലത്തില്‍ ഇരുവരും ജാമ്യം തേടി പ്രത്യേക കോടതിയെ സമീപിച്ചെങ്കിലും 2023 ജനുവരി 18ന് തള്ളി. ഇതിനെതിരേ ഇരുവരും ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. പോപുലര്‍ ഫ്രണ്ട് നിരോധനത്തോടനുബന്ധിടച്ച് സംസ്ഥാനത്തുടനീളം 12 സ്ഥലങ്ങളില്‍ എടിഎസ് റെയ്ഡ് നടത്തി 20 ഓളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.