യുപിയില്‍ സഹപ്രവര്‍ത്തകയെ വെടിവച്ച് കൊന്ന് പോലിസുകാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഉത്തര്‍പ്രദേശിലെ ഗജ്‌റൌലയിലാണ് സംഭവം. 22കാരനായ പോലിസ് കോണ്‍സ്റ്റബിള്‍ മനോജ് ദുള്‍ ആണ് വാക്ക് തര്‍ക്കത്തിനൊടുവില്‍ സഹപ്രവര്‍ത്തകയായ വനിതാ പോലിസുകാരി മേഘ ചൗധരിയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ത്തത്.

Update: 2021-02-02 16:08 GMT

ലക്‌നൗ: സഹപ്രവര്‍ത്തകയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്ത് അത്മഹത്യയ്ക്ക് ശ്രമിച്ച് പോലിസുകാരന്‍. ഉത്തര്‍പ്രദേശിലെ ഗജ്‌റൌലയിലാണ് സംഭവം. 22കാരനായ പോലിസ് കോണ്‍സ്റ്റബിള്‍ മനോജ് ദുള്‍ ആണ് വാക്ക് തര്‍ക്കത്തിനൊടുവില്‍ സഹപ്രവര്‍ത്തകയായ വനിതാ പോലിസുകാരി മേഘ ചൗധരിയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ത്തത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. മൊറാദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മേഘയുടെ മരണം.

മേഘയെ വെടി വച്ച ശേഷം സ്വയം വെടിയുതിര്‍ത്ത മനോജ് ദുള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മനോജിനും നെഞ്ചിലാണ് വെടിയേറ്റത്. മേഘയുടെ സഹോദരന്റെ പരാതിയില്‍ മനോജിനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു. 2018 ബാച്ചിലെ പോലിസ് കോണ്‍സ്റ്റബിള്‍മാരാണ് ഇരുവരും. മുസാഫര്‍നഗര്‍ സ്വദേശിയാണ് മേഘ.

സിയാംഡംഗ്ലി പോലിസ് സ്‌റ്റേഷനിലെ പിആര്‍വി വിഭാഗത്തിലായിരുന്നു മനോജ്്. ഗജ്‌റൌലയിലെ അവന്തിക നഗറിലെ വാടക വീട്ടിലായിരുന്നു മേഘ താമസിച്ചിരുന്നത്. ഞായറാഴ്ച വൈകീട്ട് ഇവിടെ വച്ചാണ് മേഘയ്ക്ക് വെടിയേറ്റത്. വീട്ടുടമസ്ഥന്‍ അറിയിച്ചതിനനുസരിച്ച് ഇവിടെയെത്തിയ പോലിസുകാര്‍ കണ്ടത് ഇരുവരും രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ്.

മേഘയുടെ താമസ സ്ഥലത്ത് മനോജ് സ്ഥിരമായി വരാറുണ്ടായിരുന്നുവെന്നാണ് അയല്‍വാസികളുടെ മൊഴി. നാടന്‍ തോക്കില്‍ നിന്നാണ് ഇരുവര്‍ക്കും വെടിയേറ്റത്. മേഘയ്ക്കു നേരെ വെടിയുതിര്‍ത്ത ശേഷം മനോജ് സ്വയം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

Tags:    

Similar News