ഇത് വഖ്ഫ് ബോർഡോ അതോ ഭൂമാഫിയ ബോർഡോ; യു പി സംസ്ഥാന വഖ്ഫ് ബോർഡിനെതിരേ യോഗി ആദിത്യനാഥ്

Update: 2025-01-11 05:47 GMT

കൊൽക്കത്ത: യു പി സർക്കാരിൻ്റെ വഖ്ഫ് ബോർഡ് ഭൂമാഫിയകളുടെ ബോർഡ് ആയി മാറിയെന്ന് യോഗി ആദിത്യനാഥ്.

'ഇത് വഖഫ് ബോർഡാണോ അതോ മാഫിയയുടെ ബോർഡാണോ? ഇത് ഭൂമാഫിയയുടെ ബോർഡായി മാറിയിട്ടുണ്ട്. അവരിൽ നിന്ന് ഓരോ ഇഞ്ച് ഭൂമിയും ഞങ്ങൾ തിരിച്ചെടുക്കും ' എന്നായിരുന്നു യോഗി ആദിത്യനാഥിൻ്റെ പരാമർശം. കുംഭ് മേഖലയിലെ  മീഡിയ  സെൻ്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് യോഗി ആദിത്യനാഥിൻ്റെ പ്രസ്താവന.

തങ്ങൾ വഖ്ഫ് ചട്ടങ്ങളിൽ ഭേദഗതി വരുത്തുകയാണെന്നും (ബോർഡ്) സമാഹരിച്ച എല്ലാ വരുമാനങ്ങളും ഞങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയാണെന്നും യോഗി പറഞ്ഞു. വഖഫ് ബോർഡ് കൈയേറിയ എല്ലാ ഭൂമിയും തിരിച്ചെടുക്കും. ആ പ്ലോട്ടുകളിൽ ഞങ്ങൾ പാവപ്പെട്ടവർക്ക് വീടുകളും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിർമ്മിക്കുമെന്നും യോഗി കൂട്ടിചേർത്തു. മഹാ കുംഭ മേഖലയിലെ എല്ലാ ഭൂമിയും തിരിച്ചു പിടിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

അതേസമയം, വഖ്ഫ് ബോർഡ് ഒരു സംസ്ഥാന സർക്കാർ വകുപ്പാണെന്നും മുഖ്യമന്ത്രി സ്വന്തം വകുപ്പിനെ ഭൂമാഫിയ എന്ന് വിളിക്കുകയാണെന്നും എഐഎംഐഎം സംസ്ഥാന ഘടകത്തിൻ്റെ വക്താവ് അസീം വഖാർ പറഞ്ഞു.വഖ്ഫ് ബോർഡ് വഖ്ഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുന്നു, അവ മതപരമോ ജീവകാരുണ്യമോ ആയ ആവശ്യങ്ങൾക്കായി മുസ് ലിംകൾ സംഭാവന ചെയ്യുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News