ശാഹീ ജാമിഅ് മസ്ജിദ് വെടിവയ്പ്: രാഹുല്‍ ഗാന്ധി സംഭലിലേക്ക്
പ്രദേശത്തേക്ക് പ്രതിനിധി സംഘത്തെ അയക്കുമെന്ന് സമാജ് വാദി പാര്‍ടി നേതാവ് അഖിലേഷ് യാദവും പ്രഖ്യാപിച്ചു.
ന്യൂഡല്‍ഹി: ആറു മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊന്ന ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലെ ശാഹീ ജാമിഅ് മസ്ജിദും പരിസരവും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. സഹരാന്‍പൂര്‍ എംപി ഇമ്രാന്‍ മസൂദും രാജ്യസഭാ എംപി ഇമ്രാന്‍ പ്രതാപ്ഗഡിയും മറ്റു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രാഹുലിനെ അനുഗമിക്കും. പ്രദേശവാസികളുമായി രാഹുല്‍ ചര്‍ച്ച നടത്തുമെന്ന് ഇമ്രാന്‍ മസൂദ് എംപി പറഞ്ഞു.
ഇന്ന് സംഭലില്‍ എത്തണമെന്നായിരുന്നു രാഹുല്‍ തീരുമാനിച്ചിരുന്നതെങ്കിലും തല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഭരണഘടനാ ദിവസ ആഘോഷത്തില്‍ പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യം നിര്‍ബന്ധമാണെന്ന വ്യവസ്ഥയെ തുടര്‍ന്ന് ദിവസം മാറ്റുകയായിരുന്നു.
ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഘര്‍ഷത്തില്‍ പോലിസിന്റെ പങ്ക് വ്യക്തമാണെന്ന് ഇമ്രാന്‍ മസൂദ് പറഞ്ഞു. പോലിസ് സാധാരണക്കാര്‍ക്ക് നേരെ വെടിവയ്ക്കുന്നതിന്റെ ദൃശ്യങ്ങളുണ്ട്. കൃത്യമായ ഫോറന്‍സിക് പരിശോധനയിലൂടെ മാത്രമേ സത്യം പുറത്തുവരൂ. വെടിവയ്പ് പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്തേക്ക് പ്രതിനിധി സംഘത്തെ അയക്കുമെന്ന് സമാജ് വാദി പാര്‍ടി നേതാവ് അഖിലേഷ് യാദവും പ്രഖ്യാപിച്ചു.