മലപ്പുറം: മലപ്പുറം ജില്ലയ്ക്കും മുസ്‌ലിംകള്‍ക്കുമെതിരേ വിദ്വേഷ പരാമര്‍ശം നടത്തിയ മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മനേകാ ഗാന്ധിയ്‌ക്കെതിരേ കേസെടുത്തു. മലപ്പുറം പോലിസാണ് വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ച കുറ്റത്തിന് കേസെടുത്തത്.
6 ഓളം പരാതികളാണ് മനേകക്കെതിരെ ലഭിച്ചതെന്ന് മലപ്പുറം എസ്പി പറഞ്ഞു. എല്ലാ പരാതികളും സമാന സ്വഭാവ ത്തിലുള്ളതായതിനാല്‍ ഐപിസി 153 ചുമത്തി ഒറ്റ എഫ്‌ഐആര്‍ ആണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മലപ്പുറം ജില്ലക്കാരന്‍ കൂടിയായ സുപ്രിംകോടതി അഭിഭാഷകന്‍ കെ.ആര്‍ സുഭാഷ്ചന്ദ്രന്‍ അടക്കം ആര് പേരാണ് പരാതി നല്‍കിയത്. ജില്ലയ്‌ക്കെതിരേ വിദ്വേഷപ്രചാരണം നടത്തിയെന്ന് സുഭാഷ് ചന്ദ്രന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആന ചെരിഞ്ഞത് പാലക്കാട് ജില്ലയിലാണ് മലപ്പുറത്തല്ലെന്നും അത് മലപ്പുറത്താണെന്ന് പ്രചരിപ്പിച്ചത് വാര്‍ത്തയ്ക്ക് വര്‍ഗീയമാനം നല്‍കാനാണെന്നും അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ നിരീക്ഷകന്‍ താരെക് ഫത്താഹിനെതിരേയും പരാതിയില്‍ സൂചനയുണ്ട്. ഐപിസി 153 എ, 120 ബി തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെയിരുന്നു ആവശ്യം.
പാലക്കാട് മണ്ണാര്‍ക്കാടിനടുത്ത് വനപ്രദേശത്ത് ഒരു പിടിയാന സ്ഫോടനത്തില്‍ പരിക്കേറ്റ് ചെരിഞ്ഞ സംഭവം അഖിലേന്ത്യാ തലത്തില്‍ തന്നെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. മെയ് മാസത്തില്‍ നടന്ന സംഭവമായിട്ടും കഴിഞ്ഞ ദിവസം എന്‍ഡിടിവി തെറ്റായി റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നിരവധി പ്രമുഖര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. സംഭവം നടന്ന് മലപ്പുറത്തായിരുന്നെന്നും ആനയ്ക്ക് മനപ്പുര്‍വ്വം സ്ഫോടകവസ്തു നിറച്ച പൈനാപ്പിള്‍ നല്‍കുകയായിരുന്നുവെന്നുമാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. മലപ്പുറം ക്രൂരത ഏറെയുള്ള സ്ഥലമാണെന്നും മൂന്ന് ദിവസം കൂടുമ്പോള്‍ ഒരാന വീതം കൊല്ലപ്പെടാറുണ്ടെന്നും മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മനേകാ ഗാന്ധി ട്വീറ്റ് ചെയ്തു. പ്രശ്നത്തില്‍ ഇടപെട്ട മനേകാ ഗാന്ധിയടക്കമുളളവര്‍ ആന ചെരിഞ്ഞ വിഷയത്തെ മുസ്ലിം പ്രശ്നമായി അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ പ്രശ്നം സോഷ്യല്‍മീഡിയയില്‍ ഹിറ്റായതോടെ തങ്ങള്‍ മലപ്പുറമെന്ന് തെറ്റായാണ് റിപോര്‍ട്ട് ചെയ്തതെന്ന വിശദീകരണവുമായി എന്‍ഡിവി റിപോര്‍ട്ടര്‍ തന്നെ രംഗത്തുവന്നു. ഈ സംഭവത്തിലാണ് ഇപ്പോള്‍ മനേകാ ഗാന്ധിയ്‌ക്കെതിരേ പോലിസ് കേസെടുത്തിട്ടുളളത്.