മലപ്പുറത്ത് കുറ്റകൃത്യങ്ങള്‍ കൂടുതലോ? മനേകാ ഗാന്ധിയുടെ വാദങ്ങള്‍ പൊളിച്ച് സാമൂഹിക മാധ്യമങ്ങള്‍

Update: 2020-06-05 16:25 GMT

കോഴിക്കോട്: പാലക്കാട് ജില്ലയിലെ വനപ്രദേശത്ത് സ്‌ഫോടകവസ്തു നിറച്ച പഴം കഴിച്ച് ആന ചെരിഞ്ഞതിന്റെ പേരില്‍ മലപ്പുറത്തിനെതിരേ വിദ്വേഷപ്രചാരണം നടത്തിയ മനേകാ ഗാന്ധിയുടെ വാദങ്ങള്‍ പൊളിച്ച് സോഷ്യല്‍മീഡിയ. മലപ്പുറം കുറ്റകൃത്യങ്ങള്‍ക്കു കുപ്രസിദ്ധമാണെന്നും മൂന്നു ദിവസം കൂടുമ്പോള്‍ ഒരു ആനയെ വീതം അവിടെ കൊന്നൊടുക്കുന്നുവെന്നുമായിരുന്നു മനേകാ ഗാന്ധി ട്വീറ്റ് ചെയ്തത്. മലപ്പുറം മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായതിനാല്‍ ജില്ലയില്‍ കുറ്റകൃത്യങ്ങള്‍ അധികമാണെന്നായിരുന്നു മനേകാ ഗാന്ധി ആരോപിച്ചത്. പിന്നീട് അത് പല പ്രമുഖരും ആവര്‍ത്തിക്കുകയും ചെയ്തു.

എന്നാല്‍ പുറത്തുവന്ന കണക്കുകള്‍ ഈ വാദത്തെ അപ്പാടെ തളളിക്കളയുന്നവയാണ്. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍ പൂരില്‍ നിന്നാണ് മനേകാ ഗാന്ധി ഇത്തവണ ബിജെപി ടിക്കറ്റില്‍ ലോക്‌സഭയിലെത്തിയത്. മലപ്പുറം ജില്ലയും സുല്‍ത്താന്‍പൂര്‍ നിയോജകമണ്ഡലം ഉള്‍പ്പെടുന്ന സുല്‍ത്താന്‍പൂര്‍ ജില്ലയും തമ്മിലുള്ള താരതമ്യം തികച്ചും വ്യത്യസ്തമായ ചിത്രമാണ് പുറത്തുകൊണ്ടുവരുന്നത്.

മുസ്ലിം ഭൂരിപക്ഷ ജില്ലയായതിനാല്‍ മലപ്പുറം ജില്ലയില്‍ കുറ്റകൃത്യങ്ങള്‍ കൂടുതലെന്നാണ് സംഘ്പരിവാര്‍ സംഘങ്ങളുടെയും മനേകാഗാന്ധിയുടെയും വാദം. എന്നാല്‍ മലപ്പുറം ജില്ലയിലെ കുറ്റകൃത്യങ്ങളുടെ കണക്കെടുക്കുമ്പോള്‍ തികച്ചും വ്യത്യസമായ ചിത്രമാണ് ലഭിക്കുന്നത്. സുപ്രിംകോടതി അഭിഭാഷകനായ സുല്‍ഫിക്കര്‍ അലി ക്രോഡീകരിച്ചപ്രകാരം മലപ്പുറത്ത് 2018 ല്‍ 16 പേര്‍ കൊല ചെയ്യപ്പെട്ടു. അതേസമയം ഈ കാലയളവില്‍ 55 പേരാണ് മനേകാഗാന്ധിയുടെ ജില്ലയില്‍ കൊലചെയ്യപ്പെട്ടത്. ഏകദേശം മൂന്നര ഇരട്ടി. സ്ത്രീധന മരണം, കുട്ടികളെ ലൈംഗികവൃത്തിക്ക് ഉപയോഗിക്കല്‍ തുടങ്ങിയവയിലും ഈ ജില്ലകള്‍ക്കിടയില്‍ വലിയ അന്തരമുണ്ട്. മലപ്പുറത്ത് സ്ത്രീധനം മൂലം വെറും 2 പേര്‍ മാത്രം മരിച്ചപ്പോള്‍ സുല്‍ത്താന്‍ പൂരില്‍ അത് 22 ആണ്. തട്ടിക്കൊണ്ടുപോകലില്‍ സുല്‍ത്താന്‍പൂരിന് വലിയ മേധാവിത്തം തന്നെയുണ്ട്. മലപ്പുറത്ത് 65 കേസുണ്ടായപ്പോള്‍ സുല്‍ത്താന്‍പൂരിലത് 292 ആയിരുന്നു. വാഹനമിടിപ്പിച്ച് കടന്നുകളയുന്നത് സുല്‍ത്താന്‍പൂരില്‍ 206 കേസുകള്‍ ചാര്‍ജ് ചെയ്തപ്പോള്‍ മലപ്പുറത്ത് വെറും 8 കേസേയുള്ളൂ. മറ്റെല്ലാ കേസുകളിലും ഇതുതന്നെയാണ് സ്ഥിതി.

മലപ്പുറത്തെ കുറ്റകൃത്യങ്ങള്‍ക്കു കാരണമായി സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തിപ്പറയുന്നത് അവിടത്തെ മുസ്ലിം ജനസംഖ്യയാണ്. എന്നാല്‍ മലപ്പുറം സുല്‍ത്താന്‍പൂരിനെ അപേക്ഷിച്ച് കുറച്ച്മാത്രം കുറ്റകൃത്യം നടക്കുന്ന സ്ഥലമാണെന്നതാണ് യാഥാര്‍ത്ഥ്യം. മനേകാ ഗാന്ധിയുടെ വാദങ്ങളെ പൊളിക്കുന്ന മറ്റൊരു കണക്കുകൂടെ പുറത്തുവന്നിട്ടുണ്ട്. മലപ്പുറത്തേക്കാള്‍ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സുല്‍ത്താന്‍പൂരില്‍ 82.16 ശതമാനം പേരും ഹിന്ദുക്കളാണെന്നതാണ് സത്യം. മുസ്ലിങ്ങള്‍ ഇവിടെ 17.13 ശതമാനം മാത്രമേയുള്ളൂ.

പാലക്കാട് മണ്ണാര്‍ക്കാടിനടുത്ത് വനപ്രദേശത്ത് ഒരു പിടിയാന സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചെരിഞ്ഞ സംഭവം അഖിലേന്ത്യാ തലത്തില്‍ തന്നെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. മെയ് മാസത്തില്‍ നടന്ന സംഭവമായിട്ടും കഴിഞ്ഞ ദിവസം എന്‍ഡിടിവി തെറ്റായി റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നിരവധി പ്രമുഖര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. സംഭവം നടന്ന് മലപ്പുറത്തായിരുന്നെന്നും ആനയ്ക്ക് മനപ്പുര്‍വ്വം സ്‌ഫോടകവസ്തു നിറച്ച പൈനാപ്പിള്‍ നല്‍കുകയായിരുന്നുവെന്നുമാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. മലപ്പുറം ക്രൂരത ഏറെയുള്ള സ്ഥലമാണെന്നും മൂന്ന് ദിവസം കൂടുമ്പോള്‍ ഒരാന വീതം കൊല്ലപ്പെടാറുണ്ടെന്നും മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മനേകാ ഗാന്ധി ട്വീറ്റ് ചെയ്തു. പ്രശ്‌നത്തില്‍ ഇടപെട്ട മനേകാ ഗാന്ധിയടക്കമുളളവര്‍ ആന ചെരിഞ്ഞ വിഷയത്തെ മുസ്ലിം പ്രശ്‌നമായി അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ പ്രശ്‌നം സോഷ്യല്‍മീഡിയയില്‍ ഹിറ്റായതോടെ തങ്ങള്‍ മലപ്പുറമെന്ന് തെറ്റായാണ് റിപോര്‍ട്ട് ചെയ്തതെന്ന വിശദീകരണവുമായി എന്‍ഡിവി റിപോര്‍ട്ടര്‍ തന്നെ രംഗത്തുവന്നു. ഈ സംഭവത്തില്‍ മലപ്പുറം പോലിസ് മനേകാ ഗാന്ധിക്കെതിരേ കേസെടുത്തിട്ടുണ്ട്.  

Tags:    

Similar News