ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ ദര്‍ഗ വീണ്ടും തുറന്നു
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി ഉള്‍പ്പെടെ ദര്‍ഗയില്‍ ചെറു സംഘം ഇന്നലെ സന്ദര്‍ശനം നടത്തി. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ദര്‍ഗ അധികൃതര്‍ സ്വീകരിച്ച നടപടികളെ മന്ത്രി അഭിനന്ദിച്ചു.
ന്യൂഡല്‍ഹി: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് അഞ്ച് മാസം മുമ്പ് അടച്ചിട്ട ഡല്‍ഹിയിലെ പ്രശസ്തമായ ഹസ്രത്ത് നിസാമുദ്ദീന്‍ ദര്‍ഗ ഞായറാഴ്ച വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി ഉള്‍പ്പെടെ ദര്‍ഗയില്‍ ചെറു സംഘം ഇന്നലെ സന്ദര്‍ശനം നടത്തി. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ദര്‍ഗ അധികൃതര്‍ സ്വീകരിച്ച നടപടികളെ മന്ത്രി അഭിനന്ദിച്ചു.
മുന്‍കരുതല്‍ നടപടികള്‍
ദര്‍ഗ സമുച്ചയത്തിലെ ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയയുടെയും അമീര്‍ ഖുസ്രോയുടെയും മഖ്ബറകള്‍ പൂര്‍ണമായും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചിട്ടുണ്ട്. ഇത് സിയാറത്ത് സമയത്ത് വിശ്വാസികള്‍ മഖ്ബറ സ്പര്‍ശിക്കുന്നത് തടയുമെന്നും ഇതിലൂടെ ഇത് വൈറസ് വ്യാപനം ഇല്ലാതാക്കാന്‍ കഴിയുമെന്നു ദര്‍ഗയുടെ പരിപാലകരില്‍ ഒരാളായ നസിം നിസാമി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ദര്‍ഗയുടെ മുറ്റത്ത് ഒത്തുചേരല്‍ ഒഴിവാക്കുന്നതിനായി സൂഫി സന്യാസിക്കായി നീക്കിവച്ചിരിക്കുന്ന കവാലി സായാഹ്നങ്ങള്‍ തല്‍ക്കാലം നിര്‍ത്തിവച്ചിട്ടുണ്ട്.