പാലത്തായി കേസ്: ഇരയുടെ മാതാവിന്റെ ഹരജി ഹൈക്കോടതി തള്ളി; പ്രതി പത്മരാജന്റെ ജാമ്യം ശരിവച്ചു
കൊച്ചി: പാലത്തായി കേസില്‍ പ്രതി പത്മരാജന് വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടി ശരിവച്ചു. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈംഗികപീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 82ാം വകുപ്പുപ്രകാരം ക്രൈംബ്രാഞ്ച് നല്‍കിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപി നേതാവു കൂടിയായ പ്രതി പത്മരാജന് ജൂലൈ 16ന് ജാമ്യം അനുവദിച്ചത്. ഇരയുടെ മൊഴിയുണ്ടായിട്ടും പോക്‌സോ വകുപ്പോ ബലാല്‍സംഗക്കുറ്റമോ ചുമത്താതെ പ്രതിക്ക് പോക്‌സോ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നായിരുന്നു മാതാവിന്റെ വാദം.
കഴിഞ്ഞ മാസം 25 ന് ഹരജിയില്‍ വാദം പൂര്‍ത്തിയായിരുന്നു. അന്തിമ വാദത്തില്‍ പ്രതിയായ ബിജെപി നേതാവിനനുകൂലമായ നിലപാടാണ് സര്‍ക്കാരും ക്രൈംബ്രാഞ്ചും ഹൈക്കോടതിയില്‍ സ്വീകരിച്ചത്. ബിജെപി നേതാവായ പ്രതി സ്വാഭാവിക ജാമ്യത്തിനര്‍ഹനാണെന്ന് ഗവ.പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു. മകളെ പീഡിപ്പിച്ച ബിജെപി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ഥിനിയുടെ മാതാവിന്റെ ഹരജി. സിആര്‍പി 167(2) പ്രകാരം 60 ദിവസം കഴിഞ്ഞാല്‍ പ്രതി ജാമ്യത്തിന് അര്‍ഹനാണെന്നാണ് ഗവ.പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി ഹൈക്കോടതിയെ അറിയിച്ചത്. ഇര കള്ളം പറയുന്നയാളാണെന്ന ഗുരുതരമായ ആരോപണവും വാദത്തിനിടെ പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുണ്ടായി.
മൂന്നു തവണ ലൈംഗിക പീഡനത്തിനിരയായ പാലത്തായിയിലെ പെണ്‍കുട്ടിക്കെതിരേ മനശാസ്ത വിദഗ്ധരുടെ നിരീക്ഷണമെന്ന പേരില്‍ ക്രൈംബ്രാഞ്ച് തയാറാക്കിയ റിപോര്‍ട്ടില്‍ ഇരയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന നിഗമനമാണുമുള്ളത്. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഇരയെ ആക്ഷേപിക്കുന്ന നിലപാട് സ്വീകരിച്ചത്.
83 ാം ദിവസം ഹൈക്കോടതി ജാമ്യം നിഷേധിച്ച കേസില്‍ തൊണ്ണൂറാം ദിവസം തലശ്ശേരി പോക്‌സോ കോടതി ജാമ്യം അനുവദിച്ചത് കോടതികള്‍ക്കിടയില്‍ പുലര്‍ത്തേണ്ട മര്യാദയുടെ ലംഘനമാണെന്ന് ഇരയുടെ മാതാവിന്റെ വാദം. 90 ദിവസത്തിനകം കുറ്റപത്രം കൊടുത്തതിനാല്‍ സ്വഭാവിക ജാമ്യത്തിന് പ്രതിക്ക് അര്‍ഹതയില്ല. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രതിക്ക് ജാമ്യത്തിനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് ഹരജിയില്‍ പെണ്‍കുട്ടിയുടെ മാതാവിന്റെ വാദം. കുറ്റപത്രത്തില്‍ നിന്നും പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിയതിനാലാണ് ജാമ്യം നല്‍കിയതെന്ന വാദം നിലനില്‍കില്ല. പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിയതായി ജാമ്യം നല്‍കിയ കോടതി കണ്ടെത്തിയാല്‍ അത് കോടതിയുടെ അധികാര പരിധി ഇല്ലാതാക്കുന്നതാണ്. ആ നിലയിലും തലശ്ശേരി കോടതിക്ക് ജാമ്യം നല്‍കാന്‍ അധികാരമില്ല. കേസില്‍ പോക്‌സോ വകുപ്പുകള്‍ നിലനില്‍ക്കുന്നതായി കണ്ടെത്തിയത് ജാമ്യം നല്‍കിയതെങ്കില്‍ ഇരയുടെ വാദം കേള്‍ക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍, പ്രതിക്ക് ജാമ്യം നല്‍കുമ്പോള്‍ ഇരയുടെ പക്ഷം കീഴ്‌കോടതി കേട്ടിട്ടില്ല. പ്രതിക്കെതിരേ പോക്‌സോ കുറ്റം ഇല്ലാത്തതിനാല്‍ ഇരയെ കേള്‍ക്കേണ്ട എന്നാണെങ്കില്‍ പോക്‌സോ ഇല്ലാത്ത കേസ് പരിഗണിക്കാനുള്ള അധികാരവും ജാമ്യം നല്‍കിയ കീഴ്‌ക്കോടതിക്കില്ല. പോക്സോ ഒഴിവാക്കിയ കുറ്റപത്രം കൊടുത്തത് പരിഗണിച്ചതിലൂടെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനുളള അധികാരം പോക്സോ കോടതിക്ക് നഷ്ടപ്പെട്ടെന്നും ക്രിമിനല്‍ ചട്ടനിയമത്തിന്റെ 439(1എ) പ്രകാരം ഇരയെ കേള്‍ക്കാതെ പ്രതിക്ക് ജാമ്യം നല്‍കിയത് നിയമവിരുദ്ധമാണ്. പ്രതി വലിയ സ്വാധീനമുള്ള രാഷ്ട്രീയ നേതാവായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാനും സ്‌കൂള്‍ രേഖകള്‍ തിരുത്താനും സാധ്യതയുണ്ട്. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലടച്ച് കേസിന്റെ വിചാരണ നടത്തണമെന്നായിരുന്നു പെണ്‍കുട്ടിയുടെ മാതാവിന്റെ ആവശ്യം.