ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വില്ലേജ് തല ജനകീയ സമിതിയെ ഉപയോഗപ്പെടുത്തണം: മന്ത്രി കെ രാജന്‍

Update: 2022-08-05 14:31 GMT

കോഴിക്കോട്: മഴ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വില്ലേജ് തല ജനകീയ സമിതിയെ ഉപയോഗപ്പെടുത്തണമെന്നും താഴെത്തട്ടിലേക്ക് എത്തും വിധം പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കണമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു.

മഴയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ പൊതുസാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മുന്‍ വര്‍ഷങ്ങളിലെ പ്രളയങ്ങളെ രൂപരേഖയായി എടുത്ത് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മന്ത്രി ബന്ധപെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.

ആഗസ്റ്റ് ഒന്‍പത് വരെ വ്യാപക മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമാക്കണം. തുടര്‍ച്ചയായി മഴ പെയ്യുന്ന സ്ഥലങ്ങളില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കണം. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് അത്തരം മേഖലകളില്‍ അടിയന്തര ശ്രദ്ധ കൊടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ക്യാമ്പുകള്‍ സജ്ജമാണെങ്കിലും വെള്ളം, വെളിച്ചം, ശൗചാലയം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ക്യാമ്പുകളില്‍ ഉണ്ടോ എന്നും അവ ഉപ യോഗിക്കാവുന്ന സാഹചര്യത്തിലാണ് എന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.

വെള്ളപ്പൊക്ക,ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതോടൊപ്പം അവരുടെ വളര്‍ത്തുമൃഗങ്ങളെ കൂടി ഒഴിപ്പിക്കുന്ന കാര്യത്തില്‍ ശ്രദ്ധ വേണം. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ മാറ്റാന്‍ ഉദ്ദേശിക്കുന്ന മൃഗങ്ങളുടെ ലിസ്റ്റ് നേരത്തെ തയ്യാറാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

യോഗത്തില്‍ ജില്ലയിലെ തഹസില്‍ദാര്‍മാര്‍ താലൂക്കുകളിലെ നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കി.

അടിയന്തര സാഹചര്യം നേരിടാന്‍ ഏതുസമയവും പ്രവര്‍ത്തനം ആരംഭിക്കാവുന്ന രീതിയില്‍ താമരശ്ശേരി താലൂക്കില്‍ 46 ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

നിലവില്‍ ഒരു ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ കുടുംബങ്ങളെ ആ പ്രദേശങ്ങളില്‍ നിന്നും മാറ്റിയിട്ടുണ്ടെന്നും തഹസില്‍ദാര്‍ പറഞ്ഞു.

കോഴിക്കോട് താലൂക്കില്‍ അഞ്ച് ക്യാമ്പുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഏതു സാഹചര്യത്തെ നേരിടാനും തയ്യാറാണെന്നും തഹസില്‍ദാര്‍ അറിയിച്ചു.

മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ മുന്നറിയിപ്പും ആവശ്യം വേണ്ട മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

കൊയിലാണ്ടി താലൂക്കില്‍ നിലവില്‍ രണ്ടു വില്ലേജുകളിലായി നാല് ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 31 ക്യാമ്പുകള്‍ ആവശ്യമെങ്കില്‍ തുടങ്ങാന്‍ സജ്ജമാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു. മഴ മുന്നറിയിപ്പുമായി ബന്ധപ്പെട്ട് അനൗണ്‍സ്‌മെന്റ് നടക്കുന്നുണ്ടെന്നും അനിഷ്ട സംഭവങ്ങളെ നേരിടാന്‍ താലൂക്ക് സജ്ജമാണെന്നും തഹസില്‍ദാര്‍ വ്യക്തമാക്കി.

വടകരയില്‍ ഒന്‍പത് വില്ലേജുകളിലായി 8 ക്യാമ്പുകള്‍ തുറന്നിട്ടുള്ളതായി തഹസില്‍ദാര്‍ അറിയിച്ചു.139 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 100 കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്.

ദുരന്തബാധിത പ്രദേശങ്ങളില്‍ അലര്‍ട്ട് സംവിധാനങ്ങള്‍ ഒരുക്കണമെന്നും കൂടുതല്‍ ശക്തമാക്കണമെന്നും കലക്ടര്‍ ഡോ.എന്‍. തേജ് ലോഹിത് റെഡ്ഢി പറഞ്ഞു. ദേശീയപാതയില്‍ കുഴികളുള്ള സ്ഥലങ്ങളുടെ ലിസ്റ്റ് നല്‍കാന്‍ ഉദ്യോഗസ്ഥരോട് കലക്ടര്‍ നിര്‍ദേശം നല്‍കി. സബ് കലക്ടര്‍ വി.ചെല്‍സാസിനി, എ.ഡി.എം സി മുഹമ്മദ് റഫീഖ് , ആര്‍ ഡി ഒ, ഡെപ്പ്യൂട്ടി കലക്ടര്‍മാര്‍,തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News