ഒമാനില്‍ കനത്ത മഴ; വീടുകള്‍ തകര്‍ന്നു
സൂറിലെ അടുത്തിടെ നിര്‍മിച്ച ഡാം കനത്ത മഴയില്‍ നിറഞ്ഞുകവിഞ്ഞു
മസ്‌കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തതോടെ വന്‍ നാശനഷ്ടം. മഴയില്‍ നിരവധി വീടുകള്‍ തകര്‍ന്നു, നിരവധി പേര്‍ കെട്ടിടങ്ങളില്‍ കുടുങ്ങി. ശക്തമായ മഴ കാരണം പല ഭാഗത്തും താഴ്‌വരകലൂടെ വെള്ളം നിറഞ്ഞൊഴുകുകയാണ്. നിരവധി വാഹനങ്ങള്‍ താഴ്‌വരയില്‍ കുടുങ്ങി.
മഴ കാരണം സൂറില്‍ വൈദ്യുതി ബന്ധം താറുമാറായി. വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതായി അധികൃതര്‍ അറിയിച്ചു. ദാഖിലിയ്യ ഗവര്‍ണറേറ്റിലെ സുമൈലില്‍ താഴ്‌വരയില്‍ പെട്ട ബുള്‍ഡോസറിനുള്ളില്‍ കുടുങ്ങിയ ഒരാള്‍ മരിച്ചു. ബുള്‍ഡോസറിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി റെസ്‌ക്യൂ ടീം രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പുറത്തെടുക്കുമ്പോേഴക്കും മരിച്ചു.
ശര്‍ഖിയ്യ ഗവര്‍ണറേറ്റില്‍ രണ്ട് മണിക്കൂറോളും നീണ്ട കനത്ത മഴ വന്‍ നാശനഷ്ടമാണുണ്ടാക്കിയത്. റോഡില്‍ വെള്ളം കയറിയതു കാരണം നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് പറ്റി. സൂര്‍ വിലായത്തിലെ ഏകയില്‍ കനത്ത മഴയില്‍ കെട്ടിടം തകര്‍ന്നുവീണു. തെക്കന്‍ ശര്‍ഖിയ്യ ഗവര്‍ണറേറ്റിലെ അല്‍ കാമില്‍ അല്‍ വാഫിയിലും ശക്തമായി മഴ പെയ്തു. നിരവധി വീടുകളില്‍ വെള്ളം കയറുകയും നിരവധി ഇടങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായും അധികൃതര്‍ അറിയിച്ചു. മസ്‌കത്ത് ഗവര്‍ണറേറ്റിലെ അല്‍ ഖുറൈറില്‍ മഴ കാരണം മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായി. സൂറിലെ അടുത്തിടെ നിര്‍മിച്ച ഡാം കനത്ത മഴയില്‍ നിറഞ്ഞുകവിഞ്ഞു.