തിരുവന്തപുരം: സംസ്ഥാനത്ത് മഴ കനത്തു. ഏഴ് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. കഴിഞ്ഞ ദിവസവും ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് മുന്നറയിപ്പ് നല്‍കിയിരുന്നു.
തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
മല്‍സ്യത്തൊഴിലാളികളോട് കടലില്‍പോകരുതെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ മല്‍സ്യബന്ധന യാനങ്ങള്‍ അപകടത്തില്‍പെട്ടിരുന്നു.
തെക്കന്‍ കേരളത്തിലെ മലയോര മേഖലയില്‍ കനത്ത മഴ ലഭിക്കും. നാളത്തോടെ വടക്കന്‍ കേരളത്തിലേക്കും മഴ വ്യാപിക്കും.
സംസ്ഥാനത്ത് മഴ കനത്തതോടെ പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപം കൊണ്ടിട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് എട്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതതു ജില്ലകളിലെ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് കലക്ടര്‍മാര്‍ അവധി നല്‍കിയിട്ടുള്ളത്.