മഴ കനത്തു: ജില്ലകളില്‍ പ്രത്യേക പോലിസ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു; അടിയന്തിര സഹായത്തിന് 112ല്‍ വിളിക്കാം
തിരുവനന്തപുരം: കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്ലാ പോലിസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാന്‍ സംസ്ഥാന പോലിസ് മേധാവി അനില്‍ കാന്ത് നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പോലിസ് സേനയെ മുഴുവനും മൊബിലൈസ് ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജില്ലകളില്‍ സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂം തുറക്കാന്‍ ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടര്‍മാര്‍, ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവരുമായി ചേര്‍ന്ന് പോലിസ് സംവിധാനം പ്രവര്‍ത്തിക്കും.
അടിയന്തിര സാഹര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 112 എന്ന നമ്പറില്‍ ഏത് സമയവും ബന്ധപ്പെടാം. പോലിസ് സ്‌റ്റേഷനുകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകസംഘങ്ങള്‍ രൂപീകരിക്കും. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ചെറിയ ബോട്ടുകള്‍, ലൈഫ് ജാക്കറ്റ്, മണ്ണ് മാറ്റാനും മരം മുറിക്കാനുള്ള ഉപകരണങ്ങള്‍, വെളിച്ച സംവിധാനം എന്നിവയും കരുതും. നദികള്‍, കായല്‍, കടല്‍ തീരങ്ങളില്‍ വസിക്കുന്നവരെ ആവശ്യമെങ്കില്‍ ഒഴിപ്പിക്കുന്നതിന് വേണ്ട സഹായം ഉറപ്പാക്കും. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം പ്രദേശങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കും.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുവേണം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ പ്രത്യേക പോലിസ് സുരക്ഷ ഏര്‍പ്പെടുത്താനും ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.