ഹെലികോപ്റ്റര്‍ അപകടം; കാലാവസ്ഥയോ, യന്ത്രത്തകരാറോ, പൈലറ്റിന്റെ പിഴവുകളോ? ഇതുവരെ അറിയാവുന്ന വിവരങ്ങള്‍ എന്തൊക്കെ?
ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ ഭാര്യയും പതിനൊന്ന് സൈനികരും കൊല്ലപ്പെടാനിടയായ അപടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പുതിയ റിപോര്‍ട്ടനുസരിച്ച് പറന്നുയര്‍ന്ന് 20 മിനിട്ടിനു ശേഷമാണ് ചോപ്പര്‍ തകര്‍ന്നുവീണത്. ലാന്‍ഡ് ചെയ്യാന്‍ ഏഴ് മിനിട്ട് അവശേഷിക്കെയായിരുന്നു അത്.
രാവിലെ 11.48നാണ് വ്യോമസേനയുടെ എംഐ 17വി 5 ഹെലികോപ്റ്റര്‍ സുലൂര്‍ എയര്‍ബേസില്‍ നിന്ന് പറന്നുയര്‍ന്നത്. ഉച്ചയോടെ 12.15ന് വെല്ലിങ്ടണില്‍ ഇറങ്ങുമെന്നാണ് നിശ്ചയിച്ചിരുന്നത്.
അവസാന റേഡിയോ സന്ദേശം ലഭിച്ചത് 12.08നാണ്.
കാഡറ്റുകളുമായി ഒരു സംവാദത്തിനുവേണ്ടിയാണ് റാവത്ത് ഡിഫന്‍സ് സ്റ്റാഫ് കോളജിലേക്ക് പുറപ്പെട്ടത്.
സുലൂര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി 12.08നു ശേഷം ബന്ധമുണ്ടായില്ല.
കുറച്ചുനേരത്തിനുശേഷം വനപ്രദേശത്ത് തീ കണ്ട ഗ്രാമീണരാണ് പോലിസിനെ വിവരമറിയിച്ചത്. ഒരു ഹെലികോപ്റ്റര്‍ പറക്കുന്നതും പിന്നീട് മഞ്ഞില്‍ അപ്രത്യക്ഷമാകുന്നുതുമായ ഒരു ദൃശ്യം പ്രചരിക്കുന്നുണ്ട്.
ഇത്തരം ചെറിയ സമയത്തിനുള്ളില്‍ എന്ത് അപകടം ഉണ്ടാവാനാണെന്ന് മുന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ഫാലി എച്ച് മേജര്‍ അത്ഭുതം പ്രകടിപ്പിച്ചു, എംഐ 17വി 5 ഹെലികോപ്റ്ററുകള്‍ സേനയുടെ ഭാഗമാകുമ്പോള്‍ അദ്ദേഹത്തിനായിരുന്നു ചുമതല.
സുലൂരില്‍ നിന്ന് വെല്ലിങ്ടണിലേക്ക് 20-25 മിനിറ്റെടുക്കും. ഇത്ര കുറച്ച് സമത്തിനുള്ളില്‍ എന്തെങ്കിലും സംഭവിക്കാനുള്ള സാധ്യത കുറവാണ്. അത് എന്താണെന്ന് മനസ്സിലാവുന്നില്ല- അദ്ദേഹം പറഞ്ഞു.
സേനയില്‍ ഏറ്റവും വിശ്വസിക്കാവുന്ന ചോപ്പറായി കരുതുന്നതാണ് എംഐ സീരീസ്. അതുകൊണ്ടുതന്നെ മിക്കവാറും ഓഫിസര്‍മാര്‍ അത്ഭുതത്തോടെയാണ് ഇത് കാണുന്നത്.
ഹെലികോപ്റ്ററിന്റെ ബ്ലാക് ബോക്‌സ് കണ്ടെടുത്തിട്ടുണ്ട്. ഹെലികോപ്റ്ററിന് എന്താണ് സംഭവിക്കുന്നതെന്ന് പറയണമെങ്കില്‍ അത് പരിശോധിക്കണം. അതിനുള്ള നീക്കങ്ങള്‍ നടക്കുന്നതായി രാജ്‌നാഥ് സിങ് പാര്‍ലമെന്റിനെ അറിയിച്ചു.
വ്യോമസേനയുടെയും കര-നാവികസേനയുടെയും ത്രിതല സര്‍വീസ് ഉന്നതതല സമിതി അന്വേഷണം നടത്തുന്നുണ്ട്.
എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിങ്ങിനാണ് അന്വേഷണച്ചുമതല.
അപകടത്തിനു കാരണം മോശം കാലാവസ്ഥയാണെന്നാണ് ചിലര്‍ കരുതുന്നത്. ഈ പ്രദേശത്തെ കാലാവസ്ഥ അപകടകരമാണെന്ന് വൈമാനികര്‍ കരുതുന്നു. അതിനുള്ള സാധ്യതയുണ്ടെന്നാണ് പൊതുവിലയിരുത്തലും. ഇവിടെ കനത്ത മഞ്ഞിന്റെ സാന്നിധ്യവുമുണ്ട്.
ചോപ്പര്‍ പറന്നിരുന്നത് ജനവാസ മേഖലയിലൂടെയാണ്. ഒരു പക്ഷേ, ഏതെങ്കിലും പവര്‍ലൈനില്‍ തട്ടിയതാവാമെന്ന് ചിലര്‍ കരുതുന്നു. സ്ഥിരീകരിച്ചിട്ടില്ല.
ഹെലികോപ്റ്റര്‍ മികച്ചതാണ്. കുറച്ചു പഴയതാണെങ്കിലും. ഇത്തരം യാത്രകള്‍ക്ക് വിളിക്കുന്ന പൈലറ്റ് വിദഗധരായിരിക്കും. യന്ത്രത്തകരാറിനുളള സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ട്.
ഏത് ഉയരത്തില്‍ വച്ചാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടതെന്ന് അറിഞ്ഞാല്‍ ഇത്തരം കാര്യങ്ങളില്‍ തീര്‍പ്പുണ്ടാക്കാന്‍ കഴിയും.
പതിനാല് പേരില്‍ 13 പേരാണ് മരിച്ചത്. അവരുടെ സംസ്‌കാരച്ചടങ്ങുകള്‍ നാളെ സൈനിക ബഹുമതിയോടെ നടക്കും.
കാപ്റ്റന്‍ വരുന്‍ സിങ് മാത്രമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്. അദ്ദേഹത്തിന് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്.
വെല്ലിങ്ടണിലെ മിലിറ്ററി ആശുപത്രിയില്‍ നിന്ന് അദ്ദേഹത്തെ ബെംഗളൂരുവിലെ കമാന്‍ഡ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.